
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അതിക്രമിച്ച് കയറിയെന്ന പരാതിയില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹന്റെ പരാതിയിലാണ് കേസ്. സൂപ്രണ്ടിന്റെ ചേംബറില്‍ അതിക്രമിച്ചു കയറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തരായ ആറ് പേര്‍ക്കെതിരെ കളമശ്ശേരി പോലീസ് കേസ് എടുത്തത്. റഷീദ് താനത്ത്, പി എം നജീബ്, ജയ്‌സണ്‍, റിയാസ്, മെഡിക്കല്‍ കോളേജ് അറ്റന്‍ഡര്‍മാരായ അനില്‍, സുജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം ഉണ്ടായത്. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് ചോദ്യം ചെയ്യാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ അതിക്രമിച്ചു കയറുകയും കഴുത്തു ഞെരിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. സെക്യൂരിറ്റി ജീവനക്കാരനെ വകവയ്ക്കാതെയാണ് ഇവര്‍ സൂപ്രണ്ടിന്റെ ചേമ്പറില്‍ തള്ളിക്കയറിയത്. സംഘര്‍ഷമുണ്ടാക്കിയവര്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കയ്യിലുണ്ടായിരുന്ന വാക്കിടോക്കിയുടെ ആന്റിന കേടുവരുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here