
കള്ളാടിയിൽ ദുരിതബാധിതരോട് സർക്കാരിന്റെ ക്രൂരത. കള്ളാടി പോളിടെക്നിക്കിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളോട് സർക്കാർ കടുത്ത അവഗണന കാണിക്കുന്നതായിട്ടാണ് പരാതി. ക്യാമ്പിൽ കഴിയുന്ന 121 ഓളം വരുന്ന ദുരന്തബാധിതർക്ക് നാല് ദിവസം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
ദുരന്തബാധിത മേഖലകളിൽ നിന്ന് ക്യാമ്പുകളിലേക്ക് മാറുന്നവർക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങൾക്കായി സി.എം.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് ഫണ്ടുകളിൽ നിന്നായി 5000 രൂപ വീതം ആകെ 10,000 രൂപയാണ് അടിയന്തര സഹായമായി നൽകേണ്ടത്. എന്നാൽ ക്യാമ്പ് ആരംഭിച്ച് നാല് ദിവസം കഴിഞ്ഞിട്ടും ഈ തുക വിതരണം ചെയ്യാത്തത് അന്തേവാസികളുടെ ആത്മവിശ്വാസത്തെയും ദൈനംദിന ജീവിതത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
ക്യാമ്പിലെ ദുരിതാവസ്ഥ അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയിലാണ് അന്തേവാസികൾ. മൂന്ന് ദിവസമായി കുളിക്കാൻ സാധിച്ചിട്ടില്ലെന്നും, ഉടുത്തുവന്ന വസ്ത്രം മാറാൻ പോലും മറ്റ് വസ്ത്രങ്ങൾ ലഭ്യമല്ലെന്നും ക്യാമ്പിലുള്ളവർ പരാതിപ്പെടുന്നു. സോപ്പ്, പേസ്റ്റ്, ബ്രഷ് തുടങ്ങിയ അവശ്യസാധനങ്ങൾ പോലും അധികൃതർ നൽകിയിട്ടില്ല. വസ്ത്രമില്ലാത്തതിനാൽ സ്വന്തം വീടുകളിൽ പോയി വസ്ത്രങ്ങൾ എടുത്തു കൊണ്ടുവരാൻ അനുവദിക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.
ക്യാമ്പിലെ യഥാർത്ഥ അവസ്ഥ പുറംലോകം അറിയാതിരിക്കാൻ മാധ്യമപ്രവർത്തകർക്ക് ക്യാമ്പിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായും ആരോപണമുണ്ട്. മന്ത്രിമാർ സന്ദർശനം നടത്തിയ സമയത്ത് മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നെങ്കിലും, പിന്നീട് പ്രതിപക്ഷ നേതാവ് എത്തിയപ്പോൾ ഉൾപ്പെടെ മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കാത്ത നിലപാടാണ് അധികൃതർ സ്വീകരിച്ചത്. ക്യാമ്പിലുള്ളവർ തങ്ങളെ വകഞ്ഞുമാറ്റി പുറത്തെത്തി മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ഈ ദുരിതങ്ങൾ പുറംലോകം അറിഞ്ഞത്.
നിലവിൽ ഉദ്യോഗസ്ഥരും സർക്കാരും ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. ദുരന്തബാധിതരുടെ ഈ ദയനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

