“കലോത്സവം വിവേചനങ്ങളില്ലാത്ത കലകളുടെ സമ്മേളനം”: മമ്മൂട്ടി

കലോത്സവം വിവേചനങ്ങളില്ലാത്ത കലകളുടെ സമ്മേളനമെന്ന് നടന്‍ മമ്മൂട്ടി. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകിരീടത്തില്‍ മുത്തമിട്ടത് കണ്ണൂര്‍ ജില്ലയാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളില്‍ നിന്ന്:

സ്‌കൂള്‍ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ എന്നെപ്പോലൊരാള്‍ക്ക് ഈ യുവജനങ്ങളുടെ ഇടയില്‍ എന്തുകാര്യം എന്നു ചിന്തിച്ചു. അപ്പോള്‍ മന്ത്രി പറഞ്ഞത് നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനായ ആളെന്ന്. ഞാനിപ്പോഴും യുവാവാണെന്നുള്ളതാണ് അദ്ദേഹം കണ്ടുപിടിച്ചത്. അതു കാഴ്ചയിലേ ഉള്ളൂ, വയസ്സ് പത്തുതൊണ്ണൂറായി. വരാമെന്നു തീരുമാനിച്ചപ്പോഴാണ് ഒരു വീഡിയോ ക്ലിപ് കണ്ടത്. മമ്മൂട്ടി എന്തുടുപ്പിട്ടിട്ടാവും വരികയെന്നുപറഞ്ഞ്. ഞാന്‍ പുതിയൊരു ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെയിട്ട് തയ്യാറാക്കി വച്ചതായിരുന്നു. അപ്പോഴാണ് ആ വീഡിയോയില്‍ ഒരു മുണ്ടും വെള്ള ഷര്‍ട്ടുമിട്ടാവും വരികയെന്നു പറയുന്നത് കേട്ടത്. അങ്ങനെ ആ പ്രതീക്ഷയ്‌ക്കൊത്ത് അണിഞ്ഞൊരുങ്ങി വന്നു. ഈ ജനക്കൂട്ടം കാണുമ്പോള്‍ എനിക്ക് പരിഭ്രമമുണ്ട്. വാക്കുകള്‍ കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കണം എന്നതൊന്ന്. മറ്റൊന്ന് മഴ വരാനുള്ള സാധ്യത കാണുന്നുണ്ട്. പെട്ടെന്നു മഴ പെയ്താല്‍ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്കയും. അതുകൊണ്ട് ഒരുപാട് നേരം സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ഞാന്‍ പഠിച്ച കാലത്തെ സ്‌കൂളല്ല ഇപ്പോള്‍. അന്ന് പത്താം ക്ലാസ്സ് വരെയേ സ്‌കൂളുള്ളൂ. ഇന്ന് പന്ത്രണ്ടാം ക്ലാസ് വരെയാണ് സ്‌കൂള്‍. കലാപരിപാടികളിലെ വിജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനങ്ങളെ ബാധിക്കരുത്. നാം അവതരിപ്പിക്കുന്നത് കലാപ്രകടനം മാത്രമാണ്. അതിലൊന്നില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്താന്‍ കഴിഞ്ഞില്ലെങ്കിലും കഴിവുകള്‍ക്കൊരു കോട്ടവുമുണ്ടാകാന്‍ പോണില്ല. കാലാകാലങ്ങളായി തേച്ചുമിനുക്കി വളര്‍ത്തിയെടുത്ത് വലിയ കലാകാരന്മാരാകുകയാണ് വേണ്ടത്. മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെയാണ്.

READ ALSO:സംസ്ഥാന സ്‌കൂള്‍ കലോത്സവം; കലാകിരീടം കണ്ണൂരിന്

ഒരു യൂണിവേഴ്‌സിറ്റി യൂത്ത്‌ഫെസ്റ്റിവലില്‍പ്പോലും പങ്കെടുക്കാത്തയാളാണ് ഞാന്‍. ആ എനിക്ക് നിങ്ങളുടെ മുമ്പില്‍ സംസാരിക്കാന്‍ അര്‍ഹത നേടിയെങ്കില്‍ ഈ കലാപാരിപാടിയില്‍ പങ്കെടുത്ത പരാജയപ്പെട്ടവര്‍ക്കും വിജയിച്ചവര്‍ക്കും ഒരുപോലെ അവസരങ്ങള്‍ ലഭിക്കും. ക്ഷേത്രകലകള്‍, മാപ്പിളപ്പാട്ട് മത്സരം തുടങ്ങി കേരളത്തിലുള്ള എല്ലാ തരത്തിലുള്ള മത്സരങ്ങളും യാതൊരു വിവേചനവുമില്ലാതെ കൂടിച്ചേരുന്ന സമ്മേളനമാണ് ഈ യൂത്ത് ഫെസ്റ്റിവല്‍. ചെറുപ്പത്തില്‍ തന്നെ അവരുടെ മനസ്സിലേക്ക് അനാവശ്യ ചിന്തകളില്ലാതെ, ഒരു വിവേചനവും വേര്‍തിരിവുകളുമില്ലാതെ, കൂടെയുള്ളത് കൂട്ടുകാരനാണ് അല്ലെങ്കില്‍ കൂട്ടുകാരിയാണെന്ന ബോധ്യത്തോടെയാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു സിഗരറ്റ് ഗേറ്റിന്റെ വാതില്‍ക്കല്‍നിന്ന് വലിച്ചാല്‍ ക്ലാസിന്റെ വാതിക്കല്‍ നിന്നാവും അവസാന പുക കിട്ടുക. അതുവരെ ആരൊക്കെ അതു വലിച്ചുവെന്ന് അറിയില്ല. അവിടെ ഒരുപാട് വിവേചനങ്ങള്‍ വേണമെങ്കില്‍ തോന്നാം. അന്നും ഇന്നും അത്തരത്തിലുള്ള വിവേചനം വിദ്യാര്‍ഥികളെ ബാധിച്ചിട്ടില്ല.

കൊല്ലത്ത് ഇത്ര വലിയ പരിപടി സംഘടിപ്പിക്കാന്‍ സാധിച്ച സംഘാടകരോടും മത്സരങ്ങള്‍ കാണാന്‍ പ്രോത്സാഹിപ്പിച്ച ഇവിടുത്തെ ജനങ്ങളോടും നന്ദി പറയുന്നു. കൊല്ലംകാര്‍ക്കല്ല സമ്മാനം കിട്ടിയത്. കണ്ണൂര്‍ സ്‌ക്വാഡിനാണ്. കൊല്ലംകാരെ പ്രോത്സാഹിപ്പിച്ച് നന്നാക്കാം എന്ന് ആരും കരുതിയില്ല. അത് കൊല്ലംകാരുടെ മഹത്വമായാണ് കരുതുന്നത്. ഇതാണ് നമ്മള്‍ മലയാളികള്‍, കേരളീയര്‍. ഇത് അങ്ങോളം പുലര്‍ത്തുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. വളരെ വ്യത്യസ്തമായ ജനസമൂഹമുള്ള സ്ഥലമാണ് കൊല്ലം. ഇത്ര നല്ല മീന്‍ കിട്ടുന്നത് ഞങ്ങളുടെ നാട്ടിലാണെന്നാണ് ആദ്യം കരുതിയത്. നല്ല മനുഷ്യരേക്കൊണ്ടും നല്ല പ്രകൃതിസമ്പത്തുകൊണ്ടും സമ്പന്നമാണ് കൊല്ലം. എല്ലാവര്‍ക്കും സമാധാനവും സന്തോഷവുമുണ്ടാകട്ടെ.

READ ALSO:സലാറിന്റെ ആഘോഷവേളയിൽ ഒത്തുചേർന്ന് പൃഥ്വിയും പ്രഭാസും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News