
സിപിഐഎമ്മിന്‍റെ പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിക്ക് തന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ച് നടൻ കമൽഹാസൻ. പാർട്ടിയുടെ സമത്വത്തിന്‍റെ നീതിയുടെയും അചഞ്ചലമായ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്‍റെ നേതൃത്വത്തിനെയും കമൽ പ്രശംസിച്ചു. പോരാട്ടവും ഐക്യദാർഢ്യവും കൊണ്ട് മുന്നോട്ട് നയിക്കുക എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംഎ ബേബിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്‍റുമായ എം കെ സ്റ്റാലിനും ആശംസകളറിയിച്ചിരുന്നു.
സിപിഐഎം ജനറൽ സെക്രട്ടറിയായി ഇന്നലെയാണ് എംഎ ബേബിയെ 24-ാം പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തത്. പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗമാണ് ജനറൽ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തത്. യോഗത്തിൽ പിണറായി വിജയൻ അധ്യക്ഷനായി.
എട്ട് പുതുമുഖങ്ങൾ അടക്കം 18 അംഗ പൊളിറ്റ്‌ബ്യൂറോയെയും 30 പുതുമുഖങ്ങൾ ഉൾപ്പെടെ 85 അംഗ കേന്ദ്രകമ്മിറ്റിയെയും പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു. ഒരു സ്ഥാനം ഒഴിച്ചിട്ടു. 17 പേർ വനിതകളാണ്. നേതൃനിരയിൽ ഇത്രയും വിപുലമായ മാറ്റം സമീപകാലത്ത് ആദ്യമാണ്. കേരളത്തിൽനിന്ന് ടി പി രാമകൃഷ്‌ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ എന്നിവർ കേന്ദ്രകമ്മിറ്റിയിലെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

