
മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽഹാസൻ രാജ്യസഭയിലേക്കെത്തിയേക്കുമെന്ന് സൂചന. ജൂലൈയിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ നിന്ന് ഡിഎംകെയുടെ ടിക്കറ്റിലാവും കമൽഹാസൻ മത്സരിക്കുക. ഡി എം കെ. അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ നിർദേശപ്രകാരം ഡി എം കെ നേതാവും മന്ത്രിയുമായ പി കെ ശേഖര്‍ബാബു കമല്‍ ഹാസന്റെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തി. മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി എ അരുണാചലവും ചര്‍ച്ചയില്‍ പങ്കെടുത്തു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈക്കെതിരെ കോയമ്പത്തൂരിൽ മത്സരിക്കാൻ കമൽഹാസൻ തീരുമാനിച്ചിരുന്നു. എന്നാൽ ഡിഎംകെയുടെ ആവശ്യപ്രകാരം കമൽ തീരുമാനത്തിൽ നിന്ന് പിന്മാറുകയും ഡിഎംകെയ്‌ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുകയുമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നൽകിയതിന് കമല്‍ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു എന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് കമൽഹാസന് പാർടി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജൂലായില്‍ തമിഴ്‌നാട്ടില്‍ ഒഴിവുവരുന്ന സീറ്റിലേക്കാണ് കമല്‍ഹാസനെ നാമനിര്‍ദേശം ചെയ്യുക.
നിയമസഭയിലെ അംഗബലം പ്രകാരം നിലവിൽ നാല് പേരെ ഡിഎംകെയ്‌ക്ക് രാജ്യസഭയിലേക്ക് അയക്കാൻ ജയിപ്പിച്ചെടുക്കാനാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

