
നിരവധി വിവാദങ്ങൾ സൃഷ്ടിച്ച കങ്കണ റണാവത്തിന്റെ എമർജൻസി എന്ന സിനിമ കഴിഞ്ഞ ആഴ്ച നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ചു. ഒടിടിയില്‍ വന്നേശേഷമുള്ള പ്രതികരണങ്ങളും അവലോകനങ്ങളും ഇൻസ്റ്റാഗ്രാമിൽ നടി കഴിഞ്ഞിദിവസം പങ്കുവെച്ചിരുന്നു. ചിത്രം കണ്ട ഒരു ആരാധകൻ ചിത്രം ഇന്ത്യയിൽ നിന്ന് ഓസ്‌കാറിലേക്ക് അയയ്ക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ ഈ ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടിന് നടി തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
“അമേരിക്ക അതിന്റെ യഥാർത്ഥ മുഖം അംഗീകരിക്കാൻ ഇഷ്ടപ്പെടുന്നില്ല, വികസ്വര രാജ്യങ്ങളെ അവർ എങ്ങനെ ഭീഷണിപ്പെടുത്തി അടിച്ചമർത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നു എന്നത് എമര്‍ജന്‍സിയില്‍ അത് തുറന്നുകാട്ടപ്പെട്ടു. അവരുടെ സില്ലി ഓസ്കാര്‍ അവരുടെ കൈയ്യില്‍ തന്നെ വച്ചോട്ടെ. ഞങ്ങൾക്ക് ദേശീയ അവാർഡുണ്ട്” എന്നാണ് കങ്കണ മറുപടി നല്‍കിയത്.
ALSO READ: എമ്പുരാന്റെ ആദ്യ ഷോ എപ്പോൾ? പുതിയ അപ്ഡേറ്റ് ഇതാ
കങ്കണ പങ്കുവച്ച ഒരു പ്രതികരണത്തില്‍ ഫിലിംമേക്കര്‍ സഞ്ജയ് ഗുപ്ത താന്‍ ചിത്രത്തെ മുന്‍ധാരണയോടെയാണ് സമീപിച്ചത് എന്നും എന്നാല്‍ കങ്കണ അഭിനയത്തിലും, സംവിധാനത്തിലും ശരിക്കും ഞെട്ടിച്ചുവെന്നും ചിത്രം വേള്‍ഡ് ക്ലാസാണെന്നും പറയുന്ന സ്ക്രീന്‍ ഷോട്ട് കങ്കണ പങ്കുവച്ചിട്ടുണ്ട്. ഇതിന് മറുപടിയും നടി കുറിക്കുന്നുണ്ട്.
“ചലച്ചിത്ര രംഗം വെറുപ്പിൽ നിന്നും മുൻവിധികളിൽ നിന്നും പുറത്തുവന്ന് നല്ല പ്രവൃത്തികളെ അംഗീകരിക്കണം. ഇത്തരം കാര്യങ്ങളില്‍ നിന്നും പുറത്തുകടന്നതിന് നന്ദി സഞ്ജയ് ജി, മുൻവിധികള്‍ ഉള്ള എല്ലാ സിനിമാ ബുദ്ധിജീവികൾക്കുമുള്ള എന്റെ സന്ദേശം ഇതാണ്, എന്നെക്കുറിച്ച് ഒരിക്കലും ഒരു ധാരണയും സൂക്ഷിക്കരുത്, എന്നെ വിധിക്കാന്‍ നിക്കരുത്, ഞാൻ നിങ്ങളുടെ പരിധിക്ക് പുറത്താണ്” എന്നാണ് കങ്കണയുടെ മറുപടി.
കങ്കണ റണാവത്ത് സംവിധാനം ചെയ്ത് നിർമ്മിച്ച ഈ ചിത്രം ഇന്ത്യയിലെ അടിയന്തരാവസ്ഥ മാസങ്ങളെയും ആളുകൾ എങ്ങനെ കടന്നുപോയി എന്നതിനെയും വിവരിക്കുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് താരം ഇതിൽ അഭിനയിച്ചത്. അനുപം ഖേർ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, മിലിന്ദ് സോമൻ, സതീഷ് കൗശിക് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) മാസങ്ങളോളം സർട്ടിഫിക്കേഷൻ തടഞ്ഞുവച്ചതിനെത്തുടർന്ന് ചിത്രം റിലീസ് ചെയ്യാൻ വൈകിയിരുന്നു. ഒടുവിൽ കുറച്ച് വെട്ടിക്കുറച്ചുകൊണ്ട് യു/എ സർട്ടിഫിക്കറ്റ് നൽകി. സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് എമർജൻസി നിർമ്മിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

