
കേരളം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന അഭിമാന പദ്ധതി കഞ്ചിക്കോട് കോച്ചുഫാക്ടറി ഇത്തവണയും കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ ആയിപ്പോയി എന്നത് കൊണ്ട് മാത്രമാണ് പദ്ധതിയോടുള്ള കേന്ദ്ര അവഗണനയെന്നാണ് ഉയരുന്ന വിമർശനം. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് റെയില്‍വേക്ക് നൽകിയ 439 ഏക്കര്‍ ഭൂമി കാട് പിടിച്ചു കിടക്കുകയാണ്.
Also read: ‘സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ചു, കോര്‍പ്പറേറ്റുകളെ താലോലിച്ച ബജറ്റ്’: ജോര്‍ജ് ജോസഫ്
കേന്ദ്ര സർക്കാറിൻ്റെ ബജറ്റുകളിൽ നേരിടേണ്ടി വന്ന അവഗണനയുടെ ചരിത്രം മാത്രമാണ് കഞ്ചിക്കോട് കോച്ചുഫാക്ടറിക്ക് പറയാനുള്ളത്. വി.എസ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച പദ്ധതി, അന്നത്തെ പാലക്കാട് എംപിയായിരുന്ന എം ബി രാജേഷിന്റെ ശ്രമഫലമായാണ് റെയിൽവേ ബജറ്റിൽ ഉൾപ്പെടുത്തിയത്. പിന്നീട് 2012-ൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മൻ ചാണ്ടി പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും, ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ പദ്ധതി പിന്നീട് ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി കേരളത്തോട് അവഗണന മാത്രമാണ് കാണിക്കുന്നതെന്നും പാലക്കാട് എംപി കഞ്ചിക്കോട് ഫാക്ടറിക്കായി യാതൊരു സമ്മർദ്ദവും ചൊലുത്തുന്നില്ലെന്നും സിപിഐഎം നേതാവ് നിതിൻ കണിച്ചേരി പറഞ്ഞു.
അതേസമയം, കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച മറ്റ് കോച്ച് ഫാക്ടറികളുടെ നിര്‍മ്മാണം തകൃതിയായി നടക്കുന്നുമുണ്ട്. വിഎസ് അച്യുതാനന്ദൻ സർക്കാരാണ് കോച്ച് ഫാക്ടറിക്കായി 439 ഏക്കർ ഭൂമി ഏറ്റെടുത്ത് റെയിൽവേക്ക് നൽകിയത്. റെയിൽവേയ്ക്ക് കൈമാറിയ ഭൂമിയിപ്പോൾ വന്യമൃഗങ്ങളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിഹാരകേന്ദ്രമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

