
സുസ്ഥിര ബീച്ച് ടൂറിസം പദ്ധതികൾക്കുള്ള അന്താരാഷ്ട്ര സർട്ടിഫിക്കേഷനായ ബ്ലൂ ഫ്ലാഗ് കണ്ണൂർ ജില്ലയിലെ അഴീക്കോട് ചാൽ ബീച്ചിന് ലഭിച്ചു. കേരളത്തിലെ മറ്റൊരു ടൂറിസം സ്പോട്ടിനു കൂടി ബ്ലൂ ഫ്ലാഗ് ലഭിച്ചതിന്റെ സന്തോഷം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ബ്ലൂ ഫ്ലാഗ് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ഇത് നേടിയെടുക്കാനായി ടൂറിസം വകുപ്പിനോടൊപ്പം അക്ഷീണം പ്രയത്നിച്ച കെ.വി സുമേഷ് എം എൽ എ, ജനപ്രതിനിധികൾ, ജില്ലാ ഭരണ കൂടം, സാമൂഹിക പ്രവർത്തകർ, ഡിടിപിസി, ഹരിത കർമ്മ സേന, ശുചീകരണ തൊഴിലാളികൾ സഹകരിച്ച നാട്ടുകാർ എന്നിങ്ങനെ എല്ലാവർക്കും അഭിനന്ദനങ്ങൾ.

Also Read: വിഷുദിനത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ ഉച്ചഭക്ഷണം വിതരണം ചെയ്ത് എൻ്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ്
എന്താണ് ബ്ലൂ ഫ്ലാഗ് ?
സുസ്ഥിര ബീച്ച് ടൂറിസം പദ്ധതികൾക്കുള്ള അന്താരാഷ്ട്ര സർട്ടിഫിക്കേഷനാണ് ബ്ലൂ ഫ്ലാഗ്. ബീച്ചുകൾ, മറീനകൾ, സുസ്ഥിര ബോട്ടിംഗ്, ടൂറിസം ഓപ്പറേറ്റർമാർ എന്നിവർക്ക് നൽകുന്ന അന്താരാഷ്ട്ര സർട്ടിഫിക്കേഷനാണ് ബ്ലൂ ഫ്ലാഗ്. ശുചിത്വം, സുരക്ഷ, പരിസ്ഥിതി ഉത്തരവാദിത്തം എന്നിവയിൽ മുന്നിട്ട് നില്‍ക്കുന്ന ഡെസ്റ്റിനേഷന്‍ ആകുക എന്നത് ബ്ലൂ ഫ്ലാഗ് ലഭ്യമാകുന്നതിന് അനിവാര്യമാണ്.

ഈ അംഗീകാരം നൽകുന്നതിന് ജൂറി കമ്മിറ്റി ഉണ്ടോ?
നാഷണൽ ജൂറിയും ഇന്റർനാഷണൽ ജൂറിയും കൃത്യമായി ഓഡിറ്റിംഗ് നടത്തിയാണ് ഈ അംഗീകാരം നൽകി വരുന്നത്.
ബ്ലൂ ഫ്ലാഗ് ലഭ്യമായാൽ ടൂറിസം ഡെസ്റ്റിനേഷന് ഉണ്ടാകുന്ന ഗുണം എന്താണ്?
ബ്ലൂ ഫ്ലാഗ് ഡെസ്റ്റിനേഷൻ ഏതെന്ന് വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെ നോക്കി മനസ്സിലാക്കി വരുന്ന നിരവധി സഞ്ചാരികളുണ്ട്. സ്വാഭാവികമായും ഡെസ്റ്റിനേഷനിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിക്കും. പ്രദേശത്തെ ചെറുകിട കച്ചവടക്കാർ, ഓട്ടോ തൊഴിലാളികൾ തുടങ്ങി റിസോർട്ട് ഉടമകൾ വരെ ഉള്ളവർക്ക് ഇതിൻ്റെ ഭാഗമായി വ്യക്തിഗത വരുമാനം ലഭിക്കും. ടൂറിസം വികസിച്ചതിലൂടെ സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ട നിരവധി പ്രദേശങ്ങളുണ്ട്, രാഷ്ട്രങ്ങളുണ്ട്.
വിഷു ദിനത്തിൽ നമുക്ക് കൂടുതൽ സന്തോഷിക്കാം,കേരളത്തിലെ മറ്റൊരു ടൂറിസം സ്പോട്ടിനു കൂടി ബ്ലൂ ഫ്ലാഗ് ലഭിച്ചു.

കണ്ണൂർ നഗരത്തിൽ നിന്നും വടക്കോട്ട് ഏകദേശം 10km സഞ്ചരിച്ചാൽ ചാൽ ബീച്ചിലെത്താം. സസ്യസമൃദ്ധിയുള്ള പൈന്‍ മരങ്ങളാൽ സമ്പന്നമായ അഴീക്കോട് ചാൽ ബീച്ചിലേക്ക് സഞ്ചാരികൾക്ക് സുസ്വാഗതം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here