
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ അധ്യാപകരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണ കുറ്റത്തിന് പുറമെ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവരാണ് കേസിലെ പ്രതികൾ. അന്വേഷണത്തിനായി 7 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
ചാതുർവർണ്യ വ്യവസ്ഥയും സവർണ്ണ ബോധവും പഠിപ്പിച്ചു നൽകേണ്ട അധ്യാപകരുടെ അടുക്കൽ നിന്നു തന്നെ ജാതി വെറിയുടെ ഇരയായി നിധിൻ രാജ് മാറി. പ്രാഥമികമായി ആത്മഹത്യ എന്നു പറയുമ്പോഴും ആസൂത്രിതമായ കൊലപാതകം എന്നതിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. ഗുരുതരമായ ആരോപണങ്ങളാണ് കോളേജ് അധികൃതർക്കെതിരെ കുടുംബം ഉന്നയിക്കുന്നത്. ക്ലാസ് മുറിയിൽ വെച്ചു തെരുവുപട്ടിഎന്നും പുഴുത്ത പട്ടി എന്നും വിളിച്ച് ആക്ഷേപിച്ചു. തന്റെ അനുഭവം സുഹൃത്തുക്കളോട് പങ്കിടുന്ന നിതിൻ രാജിന്റെ ശബ്ദ സന്ദേശവും ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു.
ചെറുപ്പം തൊട്ടേ പഠിക്കാൻ മിടുക്കൻ. ഭാവിയിൽ ഡോക്ടറായി മാറണമെന്ന് അധ്യാപകരോടും സുഹൃത്തുക്കളോടും എപ്പോഴും പങ്കുവെക്കുമായിരുന്നു.. ആ ആഗ്രഹത്തിന്റെ കഠിന പരിശ്രമത്തിൽ എൻട്രൻസിൽ മെറിറ്റ് സീറ്റിൽ തന്നെ അഡ്മിഷൻ കിട്ടി. എന്നാൽ നിതിൻ രാജനെ കാത്തിരുന്നത് ആരും ആഗ്രഹിക്കാത്ത തരത്തിലുള്ള ജാതി അധിക്ഷേപവും വർണ വെറിയും അപമാനവും. നാലുവർഷം കഴിഞ്ഞ് ഡോക്ടറായി തിരികെ വരാമെന്ന് ഉറപ്പു നൽകിപ്പോയ അച്ഛനും അമ്മയ്ക്കും മുന്നിലേക്ക് എത്തിയത് 22 കാരന്റെ ജീവനറ്റ ശരീരം. എത്ര പഠിച്ചാൽ ആണ് ഈ വെറികൾക്കെല്ലാം വിരാമം ആകുക എന്നത് വലിയ ചോദ്യമാണ്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എസ് സി എസ് ടി കമ്മീഷനും സംഭവത്തിൽ കേസെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

