ഇരിക്കൂർ കൊലക്കേസ് പ്രതികൾ ക്രൈം ബ്രാഞ്ച് പിടിയിൽ

kannur-crime-branch-arrests-women-murder-accused-after-10-years-irikkur-case

കണ്ണൂർ ഇരിക്കൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പത്തു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ണൂർ ക്രൈം ബ്രാഞ്ച് പിടികൂടി. 2016 ഏപ്രിൽ 30-ന് സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം രണ്ടരപ്പവൻ മാലയും വളയും പണവും കവർന്ന കേസ്സിലെ പ്രതികളായ സ്ത്രീകളാണ് പിടിയിലായത്. വസ്ത്ര വ്യാപാരികളെന്ന വ്യാജേന യുവതിയുടെ അയൽപക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ, സൗഹൃദം സ്ഥാപിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. ആന്ധ്രാപ്രദേശിലെ ഓംഘോൾ പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ കുറ്റകൃത്യം നടത്തി ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവർ കേരളത്തിലെത്തിയത്.

പിടിക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രത പുലർത്തിയിരുന്ന പ്രതികൾ വ്യാജ രേഖകൾ ഉപയോഗിച്ചാണ് ക്വാർട്ടേഴ്‌സ് വാടകയ്ക്ക് എടുത്തിരുന്നത്. കൃത്യത്തിന് മുൻപ് തന്നെ സ്വന്തം ഫോണുകൾ വിൽക്കുകയും, കർണാടക സ്വദേശിക്ക് വസ്ത്രം വാഗ്ദാനം ചെയ്ത് അയാളുടെ പേരിൽ സിം കാർഡുകൾ സംഘടിപ്പിക്കുകയും ചെയ്തു. അന്തർ സംസ്ഥാന ബന്ധങ്ങളുള്ള കുറ്റവാളികളായതിനാൽ 2016-ൽ ഇരിക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് 2024-ലാണ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകൾ സംസാരിക്കാൻ പ്രാവീണ്യമുള്ള ഇവർ കേരളത്തിലെ വിവിധ ജില്ലകളിലും ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളിലും മാറി മാറി താമസിച്ച് പോലീസിനെ വെട്ടിക്കുകയായിരുന്നു.

ALSO READ : ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഡി.വൈ.എസ്.പി സുധീർ കല്ലൻ, എസ്.ഐമാരായ അബ്ദുൽ റഹൂഫ്, ഗിരീഷ്, സുധീഷ്, എ.എസ്.ഐ മഞ്ജുള എന്നിവരടങ്ങിയ സംഘം മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് അതിവിദഗ്ധമായി പ്രതികളെ വലയിലാക്കിയത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News