
ജമാഅത്തെ ഇസ്ലാമിക്കും അവര്‍ക്ക് ആധികാരികതയും ദൃശ്യതയും നല്‍കിയ യു ഡി എഫ് രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം വിഭാഗം നേതാവ്. മുഖപത്രമായ സിറാജില്‍ മുതിര്‍ന്ന നേതാവ് മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ഇന്ന് എഴുതിയ ‘മതരാഷ്ട്രമില്ലാത്ത ജമാഅത്തെ ഇസ്ലാമിയോ?’ എന്ന ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനം.
‘ആര്‍ എസ് എസിനെ പോലെ ജമാഅത്തെ ഇസ്ലാമിയും ഒരര്‍ധ സംഘടനയാണ്, കോണ്‍ഗ്രസിന്റെ വിഭാവന പ്രകാരം സെക്യുലര്‍ സമൂഹത്തില്‍ ജീവിക്കാന്‍ ജമാഅത്തിന് അവകാശമില്ല, ജമാഅത്തെ ഇസ്ലാമി വര്‍ഗീയാക്രമണത്തിന്റെയും വിദ്വേഷത്തിന്റെയും വികാരങ്ങളെ ഇളക്കിവിടുന്നു’- എന്ന 1970 മെയ് 28ന് ന്യൂദില്ലിയില്‍ ചേര്‍ന്ന എ ഐ സി സി സമ്മേളനത്തിന്റെ പ്രമേയമാണ് ലേഖനത്തിന്റെ തുടക്കത്തിലുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ അമ്പതാം വാര്‍ഷിക പതിപ്പിനെ ഉദ്ധരിച്ചാണ് ഈ പ്രമേയം ലേഖകന്‍ കൊടുത്തത്.
മതരാഷ്ട്രവാദം കിഴിച്ചാല്‍ ജമാഅത്തെ ഇസ്ലാമി വട്ടപൂജ്യമാകുമെന്നും അത് മറ്റാരേക്കാളും അറിയുന്നത് അവര്‍ക്ക് തന്നെയാണെന്നും മതേതരത്വം വിളമ്പുന്ന രാഷ്ട്രീയ നേതാക്കള്‍ മാത്രം ഇത് അറിയാതെ പോകുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
മൗദൂദിസം അതിന്റെ തീവ്രവാദത്തെ ഒരേ അളവില്‍ എല്ലാ സ്ഥലത്തും പ്രയോഗിക്കുകയല്ല ചെയ്യുക. കശ്മീരില്‍ തീവ്രവാദ മൂവ്മെന്റുകള്‍ക്ക് പ്രത്യക്ഷത്തില്‍ നേതൃത്വം നല്‍കുകയും പരസ്യമായി അത് സമ്മതിക്കുകയും ചെയ്യുമ്പോള്‍ തന്നെ കേരളത്തില്‍ അത് ഒളിപ്പിച്ച് വെക്കാന്‍ അവര്‍ക്കറിയാം. ഈജിപ്തിലെ ബ്രദര്‍ഹുഡും കശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകളും അഫ്ഗാനിലെ താലിബാനും അല്‍ഖാഇദ, ബോകോ ഹറാം ഉള്‍പ്പെടെയുള്ള ആഗോള തീവ്രവാദ ഗ്രൂപ്പുകളും രാഷ്ട്രീയ ഇസ്ലാമിന്റെ വേഷവും പോരാളി പരിവേശവുമായി ജമാഅത്ത് മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നത് കാണാം. ഇങ്ങനെയാണ് മുസ്ലിം യൗവനത്തിന് തീ പടരുക. ഇറാനിലെ ശിയാ വിപ്ലവവും ഫലസ്തീനിലെ സമര പോരാട്ടങ്ങളും അറബ് വസന്തവും.
കേരള മൗദൂദികളുടെയും കശ്മീരി മൗദൂദികളുടെയും ലക്ഷ്യം ഒന്നാണ്. ഇന്ത്യയില്‍ ദൈവിക ഭരണം. ജമാഅത്ത് രാഷ്ട്രീയത്തിന്റെ ആശയാടിത്തറ നിലകൊള്ളുന്നത് തീവ്രവാദത്തിലാണ്. ആര്‍ എസ് എസും ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ ഹിന്ദുത്വ ഭരണം. രണ്ടാശയങ്ങള്‍ക്കും ഇസ്ലാമുമായോ ഹൈന്ദവ ദര്‍ശനവുമായോ ബന്ധമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്തിന് ഈ വിഴുപ്പ് പേറണം. അസാധ്യമെന്ന് മൗദൂദികള്‍ തന്നെ കരുതുന്ന മതരാഷ്ട്ര സ്ഥാപനത്തിന് വേണ്ടിയാണ് വ്രണങ്ങള്‍ നക്കിയും വെറുപ്പുത്പാദിപ്പിച്ചും ഇവര്‍ പണിയെടുക്കുന്നതെന്നും ലേഖനത്തിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here