
കര്‍ണാടക നിയമസഭയില്‍ ആളിക്കത്തി ഹണിട്രാപ്പ് വിവാദം. സംസ്ഥാനത്തെ 48 എംഎൽഎമാർ ഹണി ട്രാപ്പിൽ അകപ്പെട്ടിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കെഎൻ രാജണ്ണ തുറന്നടിച്ചു. രണ്ട് പാര്‍ട്ടികളില്‍പ്പെട്ടവരാണ് കുടുങ്ങിയത്. സംസ്ഥാനത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന വിഷയമല്ല ഇത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേശീയ നേതാക്കളടക്കം കുടുങ്ങിയിട്ടുണ്ടെന്നാണ് മന്ത്രി ആരോപിച്ചത്.
“കർണാടക സിഡി, പെൻ ഡ്രൈവുകൾ എന്നിവയുടെ ഒരു ഫാക്ടറിയായി മാറിയിരിക്കുന്നു”വെന്ന് പറഞ്ഞ മന്ത്രി ഇതിൽ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാർ ഉണ്ടെന്നും വെളിപ്പെടുത്തി. വിജയപുര എംഎല്‍എ ബസനഗൗഡ പാട്ടീലാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിട്ട് നിയമസഭാംഗങ്ങളെ ഹണി ട്രാപ്പിൽ ആരോ പെടുത്തിയിട്ടുണ്ട് എന്നായിരുന്നു ആരോപണം.
ALSO READ; അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
എന്നാൽ, ‘രണ്ട് ഫാക്ടറികൾ’ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെട്ടപ്പോൾ “ഒന്ന് നിങ്ങളുടെ ഭാഗത്തും മറ്റൊന്ന് ഞങ്ങളുടെ ഭാഗത്തുമാണ്. നിങ്ങളുടെ ഫാക്ടറി ആരാണ് നടത്തുന്നതെന്ന് പറഞ്ഞാൽ, ആരാണ് ഞങ്ങളുടെ ഫാക്ടറി നടത്തുന്നതെന്ന് ഞങ്ങൾക്ക് വെളിപ്പെടുത്താൻ കഴിയും.” എന്നായിരുന്നു രാജണ്ണയുടെ പ്രതികരണം.
കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള അധികാരത്തർക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹണി ട്രാപ്പ് ആരോപണങ്ങൾ ആദ്യം ഉയർന്നത്. രാജണ്ണയും മകനും ഹണി ട്രാപ്പിൽ കുടുങ്ങിയതായി നേരത്തെ തന്നെ പ്രചാരണം ഉണ്ടായിരുന്നു. തന്നെ കുടുക്കാൻ നോക്കിയതായി അദ്ദേഹവും സമ്മതിച്ചു. ‘എന്നെയും കുടുക്കാന്‍ ശ്രമിച്ചു. എന്റെ കൈവശം തെളിവുണ്ട്. രേഖാമൂലം പരാതി നല്‍കും. ഇതിന് പിന്നില്‍ ആരെന്ന് ജനം അറിയട്ടെ – അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രി ജി പരമേശ്വര ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽ വന്നിട്ടല്ല എന്നാണ് പ്രതികരിച്ചത്. ആരും പരാതി നൽകിയിട്ടില്ല. പരാതിപ്രകാരം അന്വേഷണം നടത്താവുന്നതാണ്. ബന്ധപ്പെട്ടവരോട് വിവരം തിരക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഹണി ട്രാപ് ചെയ്യപ്പെട്ട സിഡിയും പെൻഡ്രൈവുകളും ആരുടേത് ഒക്കെയാവും എന്ന് വ്യക്തമല്ലാത്തതാണ് ഭരണപ്രതിപക്ഷങ്ങൾ ഒരു പോലെ വിറയ്ക്കുന്നത്. അതേസമയം ഇത് സാധാരണം എന്ന് വരുത്തി തീർക്കാനും ഇതോടൊപ്പം ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയില്‍ ഇത് ഒരു പുതിയ സംഭവമല്ലെന്ന് പറഞ്ഞു മന്ത്രി സതീഷ് ജാര്‍കിഹോളി രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടേക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here