
ആഘോഷവേളകളിൽ ആൾക്കൂട്ടം അനിയന്ത്രിതമായി ഒത്തുചേരുകയും അപകട മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് തടയാൻ ആൾക്കൂട്ട നിയന്ത്രണത്തിനായി പുതിയ ബിൽ അവതരിപ്പിക്കാൻ കർണാടക സർക്കാർ. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 പേർ മരിക്കുകയും 56 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് പുതിയ നിയമംകൊണ്ടുവരാൻ കർണാടക സർക്കാർ നീക്കങ്ങൾ വേഗത്തിലാക്കിയത്. കരട് ബിൽ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൺസൂൺ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
നിയമലംഘകർക്ക് മൂന്ന് വർഷം തടവും 50,000 രൂപ മുതലുള്ള കടുത്ത പിഴയും ഏർപ്പെടുത്തിയേക്കും. ഈ നിയമം ലംഘിച്ചാൽ ജാമ്യം ലഭിക്കാത്ത കുറ്റമായി കണക്കാക്കുമെന്നും കരട് ബിൽ പറയുന്നു. സംഘാടകർ പരിപാടി സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ടതും ഉറപ്പാക്കേണ്ടതുമായ നിർദേശങ്ങളുടെ ഒരു ലിസ്റ്റ് തന്നെ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ALSO READ; അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറയ്‌ക്കാൻ എയർ ഇന്ത്യ
പരിപാടി നടത്തുന്നതിന് മുമ്പ് പരിപാടിയുടെ സംഘാടകർ പോലീസ് അനുമതിക്കായി അപേക്ഷിക്കാതിരിക്കുകയോ, ഒത്തുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാതിരിക്കുകയോ, നഷ്ടപരിഹാരം നൽകാതിരിക്കുകയോ, ഈ നിയമത്തിലെ വ്യവസ്ഥകൾ അല്ലെങ്കിൽ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങൾ മറ്റേതെങ്കിലും വിധത്തിൽ ലംഘിക്കുകയോ ചെയ്താൽ, മൂന്ന് വർഷം വരെ തടവോ അഞ്ച് ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് കരട് ബില്ലിൽ പറയുന്നു.
ജൂൺ നാലിന് ആർസിബിയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന വൻ വിമർശനത്തിന്റെ ഫലമായാണ് ബിൽ കൊണ്ടുവരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here