മഅദ്‌നിക്ക് രക്ഷിതാക്കളെ കാണാന്‍ സുരക്ഷക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കര്‍ണാടക പൊലീസ്

അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് അവശ നിലയില്‍ കഴിയുന്ന രക്ഷിതാക്കളെ കാണാന്‍ സുരക്ഷക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കര്‍ണാടക പൊലീസിന്റെ കത്ത്. വീണ്ടും കോടതിയെ സമീക്കാന്‍ ഒരുങ്ങുകയാണ് മഅദ്‌നി.

രക്ഷിതാക്കളെ കാണാനും ചികിത്സക്കും സുപ്രീംകോടതിയില്‍ നിന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് കിട്ടിയ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിയുടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാട്ടി കര്‍ണാടക പൊലീസ് കഴിഞ്ഞ ദിവസം കത്ത് നല്‍കിയതോടെയാണ് വീണ്ടും നിയമ പോരാട്ടത്തിന് മഅദ്‌നിയും കുടുംബവും ഒരുങ്ങുന്നത്. 82 ദിവസത്തെ യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മഅദ്‌നിയെ അനുഗമിക്കുക. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേര്‍ത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചത്.

കഴിഞ്ഞ ആഴ്ച കര്‍ണ്ണാടക പൊലീസ് അന്‍വാര്‍ശ്ശേരിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് നടപടി. ഇത്രയും തുക നല്‍കാന്‍ നിലവില്‍ നിര്‍വാഹമില്ലെന്ന് മഅദ്‌നിയുടെ കുടുംബം പറയുന്നു. തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്ന കാര്യം സുപ്രീംകോടതി അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടികള്‍ ആലോചിച്ച് വരുന്നതായും മഅദ്‌നിയുടെ മകന്‍ അയൂബി പറഞ്ഞു.

ചികിത്സയടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അബ്ദുള്‍ നാസര്‍ മഅദ്‌നി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയത്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്നും മഅദ്‌നി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News