
കാസർഗോഡ് ഗവൺമെന്റ് കോളേജിൽ റാഗിംഗ് പരാതി. എം എസ് എഫ് നേതാക്കളും പ്രവർത്തകരും ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തു. വിദ്യാർത്ഥിയുടെ പരാതിയിൽ 13 പേരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വിദ്യാർഥിയുടെ പരാതിയിൽ രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളായ 13 പേരെയാണ് സസ്പെൻഡ് ചെയ്തത്. എംഎസ്എഫ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടുന്ന സംഘമാണ് വിദ്യാർത്ഥിയെ റാഗ് ചെയ്തത്. പെൺകുട്ടികൾ അടക്കം ഉൾപ്പെടുന്ന രണ്ടാം വർഷ, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ സംഘം ചേർന്ന് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും, അപകീർത്തിപ്പടുത്തുകയും, അശ്ലീല അസഭ്യവർഷം നടത്തുകയുമായിരുന്നു.
ജൂലൈ 13ന് ആണ് വിദ്യാർഥി റാഗിങ്ങിനിരയായത്. പിന്നാലെ വിദ്യാർത്ഥി കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി. തുടർന്ന് അടിയന്തരമായി കൗൺസിൽ യോഗം ചേരുകയും പരാതി ചർച്ച ചെയ്യുകയും ചെയ്തു. ആന്റി റാഗിംഗ് സെല്ലിൽ നിന്നും കോളേജിലെ സൈക്കോളജിസ്റ്റിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാണ് 13 വിദ്യാഥികൾക്കെതിരെ നടപടിയെടുത്തത്.
അഹമ്മദ് അലി (മൂന്നാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർഥി), നിജാദ് അബ്ദുൾ നാസർ ഉസ്മാൻ, മൂന്നാം വർഷ ബിഎ അറബിക്), അഹമ്മദ് അജ്മൽ ഇർഫാൻ (രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി), മുഹമ്മദ് ലബീബ്, (രണ്ടാം വർഷ ബിഎ അറബിക്), അബ്ബാസ് സഫ്‌വാൻ എസ് (രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി), മുഹമ്മദ് നാസിം എൻ സി (രണ്ടാം വർഷ ബികോം.), മുഹമ്മദ് മർവാൻ മുനീർ (രണ്ടാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്), മൊഹിയുദ്ദീൻ നുഹുമാൻ (രണ്ടാം വർഷ ബിഎ അറബിക്), മുഹമ്മദ് ഷാക്കിർ കെ എം (രണ്ടാം വർഷ ബിഎ മലയാളം), മുഹമ്മദ് ഷെരീഫ് എ പി (രണ്ടാം വർഷ ബിഎസ്‌സി മാത്തമാറ്റിക്സ്), അബ്ദുൾ സമീഹ് കെഎസ് (മൂന്നാം വർഷ ബിഎസ്‌സി മാത്തമാറ്റിക്സ്), അയ്ഷത്ത് ഷാഹിദ (മൂന്നാം വർഷ ബിഎ ഇംഗ്ലീഷ്), അഫ്സൽ ആബിദ് (രണ്ടാം വർഷ ബിഎ മലയാളം) എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
ഇതിൽ നിജാദ് എംഎസ്എഫ് കോളേജ് യൂണിറ്റ് പ്രസിഡന്റും മർവാൻ സെക്രട്ടറിയുമാണ്. ഷാഹിദ ഹരിത ചെയർ പേഴ്സണുമാണ്. മറ്റുള്ളവരെല്ലാം എംഎസ്എഫിന്റെ സജീവ പ്രവർത്തകരാണ്. ആൻറി റാഗിംഗ് സെൽ വിദ്യാർത്ഥിയുടെ പരാതി കാസർഗോഡ് ടൗൺ പൊലീസിന് കൈമാറി. പരാതിയിൽ പോലീസ് അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കും. കഴിഞ്ഞ വർഷം കോളേജിൽ നിന്ന് അച്ചടക്ക നടപടിയെടുത്ത വിദ്യാർത്ഥി ഉൾപ്പെടെ നാലുപേർ പുറത്തുനിന്ന് എത്തി റാഗിംഗ് ചെയ്തതായും പരാതിയിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

