
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഇടതുപക്ഷത്തിനെതിരെ വ്യാജ വാർത്ത കെട്ടിച്ചമച്ച മീഡിയവൺ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് മണ്ഡലം സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ. കാസർകോട് മണ്ഡലത്തിൽ ബിജെപി വിജയിക്കുമെന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയതായുള്ള വ്യാജവാർത്തയാണ് മീഡിയവൺ നൽകിയത്. മണ്ഡലത്തിൽ പോൾചെയ്‌തത് 1,67,920 വോട്ടാണ്. ഇതിൽ 45,000 വോട്ടിൽ താഴെ മാത്രമേ ബിജെപിക്ക് ലഭിക്കാൻ സാധ്യതയുള്ളൂവെന്നിരിക്കെ “ബിജെപി ജയിക്കുമെന്ന് എൽ ഡി എഫ് മണ്ഡലംകമ്മിറ്റി’ എന്ന രീതിയിലുള്ള വാർത്ത സിപിഐ എമ്മിനെയും എൽഡിഎഫിനെയും അവഹേളിക്കാനുള്ള മീഡിയവണ്ണിന്റെ നിക്ഷിപ്‌ത താൽപര്യം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിലെ തെരഞ്ഞെടുപ്പുകളിൽനിന്നും വ്യത്യസ്‌തമായി ഇത്തവണ വലിയ മുന്നേറ്റമാണ് മണ്ഡലത്തിൽ എൽഡിഎഫ് നടത്തിയിട്ടുള്ളത്. ഇതിൽ ബിജെപിയും യു ഡി എഫും അടിതെറ്റി വീഴുമെന്നിരിക്കെ ഫലം വരുംവരെ ആശ്വാസമെന്ന വിധം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനാണ് മീഡിയവണ്ണിന്റെ ശ്രമം. മണ്ഡലംസെക്രട്ടറി നൽകിയ റിപ്പോർട്ട് എന്ന രീതിയിൽ വന്ന വാർത്ത സത്യത്തിന് നിരക്കാത്തതാണ്. മീഡിയവൺ ചാനൽ പ്രവർത്തകൻ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരാരും മണ്ഡലംകമ്മിറ്റിയുമായോ സെക്രട്ടറിയുമായോ ബന്ധപ്പെട്ടിട്ടില്ല.
അങ്ങനെയിരിക്കെ ചാനലിന്റെ താൽപര്യത്തിനുവേണ്ടി മണ്ഡലം കമ്മിറ്റി നൽകിയതെന്ന പേരിൽ കള്ളവാർത്ത നൽകിയത് മാധ്യമധർമത്തിന് നിരക്കാത്ത പ്രവൃത്തിയാണ്. തൃശൂർ പാർലമെന്റ് മണ്ഡലവും നേമം അസംബ്ലി മണ്ഡലവും ബിജെപിക്ക് ലഭിക്കാൻ ന്യൂനപക്ഷ– ഭൂരിപക്ഷ വർഗീയ ആളിക്കത്തിക്കുന്നതിൽ മുന്നിൽനിന്നവരാണ് ജമാഅത്തെ ഇസ്ലാമിയും മീഡിയവൺ ചാനലും. സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്നതിൽ ഇവരുടെ പങ്ക് ചെറുതല്ല. അങ്ങനെയിരിക്കെ ചാനൽ പ്രതിനിധി മുൻകൈയെടുത്ത് സിപിഐഎമ്മിനും എൽഡിഎഫിനുമെതിരെ ഇല്ലാക്കഥകൾ മെനയുകയാണ്.
തെറ്റായ വാർത്ത നൽകി പാർട്ടിയെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താമെന്ന് കരുതുന്നുണ്ടെങ്കിൽ ഇത്തരം വാർത്തകളെ ജനം അവജ്ഞയോടെ തള്ളിക്കളയും എന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വാർത്ത നൽകിയ ചാനലിനും ചാനൽ പ്രവർത്തകനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണ്ഡലംസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

