
വിഷുദിനത്തിൽ ഒരു അധ്യാപികയും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കാഴ്ചയാണ് കാസർകോഡ് നിന്ന്. അധ്യയന വർഷം അവസാനിച്ചപ്പോൾ കണ്ണീരോടെ വിട പറഞ്ഞകന്ന ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളെ കാണാൻ അധ്യാപിക വീടുകളിലെത്തി. ഓരോരുത്തർക്കും കൈയ്യിലൊരു കുഞ്ഞു സമ്മാനവുമായി. ദിവസങ്ങളായി കാണാതിരുന്ന സ്വന്തം കുരുന്നുകളെ ഹൃദയം തൊട്ടു വിളിച്ചാണ് സുജന ടീച്ചർ വീടുകളിലേക്ക് കയറിയത്.
കാഞ്ഞങ്ങാട് മേലാംങ്കോട്ട് എസി കണ്ണൻ നായർ സ്മാരക ഗവൺമെൻ്റ് യുപി സ്കൂളിലെ സുജന ടീച്ചർ കുട്ടികൾക്ക് സ്വന്തം ടീച്ചറമ്മയാണ്. അധ്യയന വർഷം അവസാന ദിവസം പരസ്പരം പിരിയാനാവാതെ ടീച്ചറും കുട്ടികളും കെട്ടിപ്പിടിച്ച് കണ്ണീരണിഞ്ഞാണ്. അവധിക്കാലത്ത് വീട്ടിലെത്തി സ്വന്തം മക്കളെ ടീച്ചർ വീണ്ടും കണ്ടു സ്നേഹത്തോടെ ചേർത്തു പിടിച്ചു. ടീച്ചറുടെ കൈയ്യിൽ ഒരു കുഞ്ഞു സമ്മാനവുമുണ്ടായിരുന്നു. വിഷുക്കോടിയായി എല്ലാവർക്കും ഓരോ കുഞ്ഞുടുപ്പ്.
ALSO READ; ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട, സേവനങ്ങൾ വിരൽത്തുമ്പിൽ; ഹിറ്റായി കെ സ്മാർട്ട്
വീഡിയോ കോൾ വഴിയും ഫോണിലൂടെയും കുട്ടികളെ ഇടക്കിടെ അന്വേഷിക്കുന്ന ടീച്ചർ അവരെ കാണാനായി നേരിട്ടെത്തിയപ്പോൾ അത്ഭുതത്തോടെയാണ് മാതാപിതാക്കൾ സ്വീകരിച്ചത്. മടിക്കൈ, അതിയാമ്പൂർ മേലാംകോട്, കിഴക്കുംകര, നെല്ലിക്കാട്ട് തുടങ്ങിയ സ്ഥലങ്ങളിലെത്തിയാണ് കുഞ്ഞു മക്കളെ കണ്ടത്. ഒന്നാം ക്ലാസിലെ 25 കുട്ടികൾക്കാണ് ടീച്ചറുടെ സ്നേഹത്തിൽ പൊതിഞ്ഞ വിഷുക്കോടി കിട്ടിയത്. മുറിയനാവി സ്വദേശിയായ സുജന ടീച്ചർ 2019 ലാണ് മേലാങ്കോട്ട് സ്കൂളിലെത്തിയത്. നന്മയുടെയും സ്നേഹത്തിൻ്റെയും വിഷുക്കാലത്ത് ടീച്ചറമ്മയുടെയും കുരുന്നുകളുടെയും ആത്മബന്ധം ഹൃദയം തൊടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

