
കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ ശനിയാഴ്ച ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ യുവാവിനായി ഫയർഫോഴ്സും സന്നദ്ധ സംഘടനകളും തിരച്ചിൽ നടത്തുന്നതിനിടെ, അതേ പുഴയുടെ തൊട്ടുതാഴെ കയാക്കിങ് – റാഫ്റ്റിങ് ഉദ്ഘാടനം നടത്തിയ ജനപ്രതിനിധിയുടെ നടപടിക്കെതിരെ ജനരോഷം ശക്തം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ മില്ലി മോഹൻ പങ്കെടുത്ത ഉദ്ഘാടന മാമാങ്കമാണ് ഇപ്പോൾ വൻ വിവാദത്തിനും നാട്ടുകാരുടെ പ്രതിഷേധത്തിനും വഴിവെച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് മലപ്പുറം കീശേരി സ്വദേശി ഷിബിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായത്. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ ഫയർഫോഴ്സും സന്നദ്ധ സംഘടനകളും നടത്തുന്നതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര കയാക്കിങ് മേളയുടെ ഭാഗമായി ഒരു സ്വകാര്യ സംഘം സംഘടിപ്പിച്ച റാഫ്റ്റിംഗിന്റെ ഉദ്ഘാടനമാണ് ഞായറാഴ്ച രാവിലെ പുഴയിൽ അരങ്ങേറിയത്.
also read:ഉണ്ടായത് പ്രോട്ടോക്കോൾ വീഴ്ച; പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയതിൽ അച്ചടക്ക നടപടിക്ക് നീക്കം
മലവെള്ളത്തിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പുഴയുടെ മുകൾഭാഗത്ത് ഊർജ്ജിതമായി നടക്കുമ്പോഴായിരുന്നു തൊട്ടുതാഴെ യാതൊരുവിധ മാനുഷിക പരിഗണനയുമില്ലാതെ ഈ ഉദ്ഘാടന ചടങ്ങ് നടന്നത്. ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരുന്നെങ്കിൽ യാതൊന്നും സംഭവിക്കാനില്ലായിരുന്നുവെന്ന് നാട്ടുകാർ പ്രതികരിച്ചു. ഒട്ടും ഉചിതമല്ലാത്ത സമയത്ത് നടത്തിയ ഈ ഉദ്ഘാടന മാമാങ്കം തികച്ചും പ്രതിഷേധാർഹമാണെന്നും, ജനവികാരം മാനിക്കാത്ത ഇത്തരം നടപടികൾ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു എന്നുമാണ് പുഴക്കരയിൽ തടിച്ചുകൂടിയ നാട്ടുകാർ ഒന്നടങ്കം പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

