
കായംകുളം നഗരസഭയിൽ അംഗൻവാടിയെ ചൊല്ലി ഉണ്ടായ തർക്കം യുഡിഎഫിന്റെ മുൻകൂട്ടി തയ്യാറാക്കിയ നാടകമെന്ന് തെളിയുന്നു. നഗരസഭാ ചെയർമാനെ എൽഡിഎഫ് അംഗങ്ങൾ കയ്യേറ്റം ചെയ്തു എന്ന വാദം പൊളിച്ച് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ യുഡിഎഫിലെ തന്നെ കൗൺസിലർ അസീം നാസർ എൽഡിഎഫിന്റെ പ്രതിഷേധത്തിനിടയിലേക്ക് ഇടിച്ചു കയറുന്നതും ചെയർമാനെ വലിച്ചു താഴെയിടുന്നതും വ്യക്തമാണ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുഡിഎഫിന്റെ നാടകവും പൊളിയുകയാണ്.
നഗരസഭയിലെ രണ്ടാം വാർഡിലെ അംഗനവാടിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാതെ നഗരസഭ ചെയർമാൻ അജണ്ടകൾ എല്ലാം പാസായെന്ന് പറഞ്ഞ് കൗൺസിൽ യോഗം പിരിച്ചുവിട്ടപ്പോഴാണ് എൽഡിഎഫ് കൗൺസിലർമാർ മുദ്രാവാക്യവുമായി ചെയർമാന്റെ ഡയസിനു മുന്നിൽ എത്തിയത്. ഇതിനിടയിൽ നഗരസഭ ചെയർമാൻ താഴെവീണു. യുഡിഎഫിലെ കൗൺസിലർമാർ തന്നെയാണ് ചെയർമാനെ കയ്യേറ്റം ചെയ്തതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
നഗരസഭ എട്ടാം വാർഡിലെ യുഡിഎഫ് കൗൺസിലർ അസീം നാസർ ചെയർമാനെ പിടിച്ചു വലിക്കുമ്പോഴാണ് ചെയർമാൻ താഴേക്ക് വീഴുന്നത്. എന്നാൽ എൽഡിഎഫ് കൗൺസിലർമാർ മർദിച്ചു എന്നും വലിച്ചുതാഴെയിട്ടു എന്നും പറഞ്ഞ് യുഡിഎഫ് കൗൺസിലർമാർ രംഗത്ത് വന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുഡിഎഫിന്റെ നാടകം പൊളിഞ്ഞിരിക്കുകയാണ്. ന്യായമായ അവകാശം സ്ഥാപിക്കുന്നതിനായി എൽഡിഎഫ് കൗൺസിലർമാർ മുദ്രാവാക്യം വിളിക്കുന്നതിനിടയിലേക്ക് യുഡിഎഫ് കൗൺസിലർ അസീം നാസർ ഒരു പ്രകോപനവും ഇല്ലാതെ ഇടിച്ചു കയറുകയും ചെയർമാനെ പിടിച്ചു വലിച്ചു താഴെയിടുകയും ആയിരുന്നു.
ALSO READ: വെമ്പായം ബാറിലെ സംഘർഷം; തീപ്പൊള്ളലേറ്റ് ഗുരുതരമായി പരുക്കേറ്റ അനീഷും മരിച്ചു
രണ്ടാം വാർഡിൽ ഉണ്ടായിരുന്ന അംഗൻവാടി വാർഡ് വിഭജനം വന്നപ്പോൾ നാല്പതാം വാർഡിലേക്ക് മാറിയിരുന്നു. ഈ രണ്ടു വാർഡുകളും എൽഡിഎഫിന്റേതാണ്. നാൽപതാം വാർഡിൽ നിലവിൽ രണ്ട് അംഗനവാടികൾ ഉണ്ട്. ഇതിൽ ഒന്ന് രണ്ടാം വാർഡിലേക്ക് മാറ്റുന്നതിന് ഈ കൗൺസിലർക്ക് എതിർപ്പുണ്ടായിരുന്നില്ല. ഇത് കൗൺസിലിൽ അറിയിക്കുകയും ചെയ്തു. എന്നിട്ടും യുഡിഎഫ് രാഷ്ട്രീയ വൈരാഗ്യം വച്ചുകൊണ്ട് രണ്ടാം വാർഡിലേക്ക് അംഗനവാടി നൽകുന്നില്ല എന്നതായിരുന്നു എൽഡിഎഫിന്റെ വാദം. ഈ ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ചെയർമാനെ എൽഡിഎഫ് കൗൺസിലർമാർ തടഞ്ഞത്. എന്നാൽ പ്രതിഷേധത്തിനിടയിലേക്ക് യുഡിഎഫ് കൗൺസിൽമാർ അനാവശ്യമായി ഇടിച്ചു കയറിയെന്ന് എൽഡിഎഫ് ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

