
ഓട്ടോയ്ക്ക് വഴി കൊടുക്കാത്തതിൽ തർക്കം ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം. കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് ഭാരവാഹിയുടെ നേതൃത്വത്തിലാണ് ജീവനക്കാരെ മർദ്ദിച്ചത്. ഹോട്ടൽ ജീവനക്കാരനായ ചാത്തന്നൂർ സ്വദേശി അഭി (26), ചിറയിൻകീഴ് സ്വദേശി ദിവ്യ (33) എന്നിവർക്ക് ഗുരുതര പരിക്കേറ്റു.
തറയോട് കൊണ്ടുള്ള അടിയിൽ അഭിയുടെ തലയ്ക്ക് പൊട്ടലുണ്ട്. ചവിട്ടേറ്റ് മറിഞ്ഞു വീണ യുവതിയെ വീണ്ടും മർദ്ദിച്ചു. യുവതിയുടെ കൈയ്ക്കും പൊട്ടലുണ്ട്. വൈകുന്നേരം ആറരയോടെ ദേശീയപാതയോരത്തെ അൽസാജ് ഹോട്ടലിന് മുന്നിലാണ് ആക്രമം നടന്നത്.
ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഇതേ ഹോട്ടലിലെ ജീവനക്കാർ പോയ വഴിയിൽ എതിരെ വന്ന ഓട്ടോയ്ക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ജീവനക്കാർ തിരികെ സ്ഥാപനത്തിന് മുന്നിലെത്തിയപ്പോൾ പ്രദേശവാസിയും കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയുമായ ഷാജി തെറിവിളിയും ഭീഷണിയുമായി പിന്നാലെ എത്തി.
ALSO READ; പുനലൂരിൽ കോൺക്രീറ്റ് മതിലും കെട്ടിടവും ഇടിഞ്ഞ് വീണു; വാഹനത്തിനുള്ളിൽ കുടുങ്ങിയ ആൾ മരിച്ചു
ഇത് ചോദ്യം ചെയ്ത ജീവനക്കാരനെ പലവട്ടം ആക്രമണത്തിന് ഒരുങ്ങിയെങ്കിലും യുവതി ഇടയ്ക്കുനിന്ന് പിടിച്ചു മാറ്റുകയാണ് ഉണ്ടായത്. തുടർന്ന് ഷാജി വിളിച്ചുവരുത്തിയ ചിലർ സംഭവസ്ഥലത്ത് എത്തി ഇരുവരെയും മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് തറയിൽ വീണ ഇരുവരെയും വീണ്ടും മർദ്ദിച്ചു. തുടർന്ന് റോഡിൽ ഉണ്ടായിരുന്ന തറയോട് അടുത്ത് ജീവനക്കാരനായ അഭിയുടെ തലക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജീവനക്കാരനായ അഭിക്ക് തലയിൽ 10 സ്റ്റിച്ച് ഉണ്ട്. യുവതിക്ക് വയറ്റിൽ ചവിട്ടേറ്റു. ജീവനക്കാർ തങ്ങളെ മർദ്ദിച്ചതായി പറഞ്ഞ് ഷാജി ഉൾപ്പെടെ രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴക്കൂട്ടം പൊലീസ് അന്വേഷണമാരംഭിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

