
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻ്റെ താരലേലം നാളെ അരങ്ങേറും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10-നാണ് ലേലം ആരംഭിക്കുക. ലേലനടപടികള്‍ സ്റ്റാര്‍ ത്രീ ചാനലിലൂടെയും ഫാന്‍കോഡ് ആപ്പിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. മുതിര്‍ന്ന ഐ പി എല്‍- രഞ്ജി താരങ്ങള്‍ മുതല്‍, കൗമാര പ്രതിഭകള്‍ വരെയാണ് ലേലപ്പട്ടികയിലുള്ളത്. കളിക്കളത്തിലെ വീറും വാശിയും തന്ത്രങ്ങളും മറുതന്ത്രങ്ങളും നാടകീയതയുമെല്ലാം ലേലത്തിലും പ്രതീക്ഷിക്കാം.
ആദ്യ സീസണില്‍ കളിക്കാതിരുന്ന സഞ്ജു സാംസണ്‍ പങ്കെടുക്കുന്നുവെന്നതാണ് രണ്ടാം സീസണിന്റെ പ്രധാന പ്രത്യേകത. ഐ പി എല്‍ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശര്‍മയാണ് ലേല നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംവിധായകനും ട്രിവാണ്‍ഡ്രം റോയല്‍സ് ടീമിന്റെ സഹ ഉടമയുമായ പ്രിയദര്‍ശന്‍, ജോസ് പട്ടാര, ഏരീസ് കൊല്ലം സെയിലേഴ്‌സ് ടീമുടമ സോഹന്‍ റോയ് എന്നിവര്‍ താരലേലത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖരാണ്. വൈകിട്ട് ആറിനാണ് ലേലനടപടികള്‍ അവസാനിക്കുക.
Read Also: ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിങ് റെക്കോർഡ്; അടിപതറി ഇംഗ്ലണ്ട് ബാറ്റിങ് നിര
എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങള്‍ക്കായാണ് ലേലം. ബി സി സി ഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐ പി എല്‍ എന്നിവയില്‍ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. അണ്ടര്‍ 19, അണ്ടര്‍ 23 വിഭാഗങ്ങളില്‍ കളിച്ച ബി കാറ്റഗറിയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷവും ജില്ലാ, സോണല്‍, കെ സി എ ടൂര്‍ണമെന്റുകളില്‍ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങള്‍ക്ക് 75,000വുമാണ് അടിസ്ഥാന തുക.
ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. ടീമില്‍ കുറഞ്ഞത് 16ഉം പരമാവധി 20 താരങ്ങളെ വരെയും ഉള്‍പ്പെടുത്താം. റിട്ടെന്‍ഷനിലൂടെ താരങ്ങളെ നിലനിര്‍ത്തിയ ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയ്ക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവുക. സച്ചിന്‍ ബേബിയടക്കം നാല് താരങ്ങളെ നിലനിര്‍ത്തിയ ഏരീസ് കൊല്ലം സെയിലേഴ്‌സ് ഇവര്‍ക്കായി പതിനഞ്ചര ലക്ഷം രൂപ ഇതിനകം തന്നെ ചെലവാക്കി കഴിഞ്ഞു. ശേഷിക്കുന്ന 34.50 ലക്ഷം രൂപ മാത്രമാണ് അവര്‍ക്കിനി ചെലവഴിക്കാനാവുക. ആലപ്പി റിപ്പിള്‍സും കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും 17. 75 ലക്ഷം മുടക്കി നാല് താരങ്ങളെയും ട്രിവാണ്‍ഡ്രം റോയല്‍സ് നാലര ലക്ഷത്തിന് മൂന്ന് താരങ്ങളെയും നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, കൊച്ചിയും തൃശൂരും ആരെയും നിലനിര്‍ത്താത്തതിനാല്‍ മുഴുവന്‍ തുകയും അവര്‍ക്ക് ചെലവഴിക്കാം.
42കാരനായ സീനിയര്‍ താരം കെ ജെ രാകേഷ് മുതല്‍ 16 വയസ്സുകാരനായ ജൈവിന്‍ ജാക്‌സന്‍ വരെയുള്ളവരാണ് ലേലപ്പട്ടികയിലുള്ളത്. ഇതില്‍ സഞ്ജുവിന് വേണ്ടിത്തന്നെയാകും ഏറ്റവും വാശിയേറിയ മത്സരം നടക്കുക. കഴിഞ്ഞ സീസണില്‍ എറണാകുളം സ്വദേശിയായ എം എസ് അഖിലായിരുന്നു ലേലത്തിലെ ഏറ്റവും വില കൂടിയ താരം. 7.4 ലക്ഷം രൂപക്ക് ട്രിവാൺഡ്രം റോയല്‍സായിരുന്നു അഖിലിനെ സ്വന്തമാക്കിയത്. ഇത്തവണ ഈ റെക്കോർഡ് തകര്‍ക്കപ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ ബാറ്റിങ്ങിലും ബൌളിങ്ങിലും മികച്ച പ്രകനം കാഴ്ചവച്ച താരങ്ങള്‍ ഇത്തവണയും ടീമുകളുടെ നോട്ടപ്പട്ടികയിലുണ്ടാവും. ഒപ്പം അടുത്തിടെ നടന്ന എന്‍ എസ് കെ ട്രോഫിയിലും കെ സി എ പ്രസിഡന്‍സ് കപ്പിലും തിളങ്ങിയ താരങ്ങള്‍ക്കും സാധ്യതയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here