കാര്‍ഷിക മേഖല നേരിടുന്ന വിഷയങ്ങളില്‍ കേന്ദ്ര കൃഷി മന്ത്രിയുമായി പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി പി പ്രസാദ്

shivraj-singh-chauhan-p-prasad

വന്യ ജീവി ആക്രമണം, കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ഫലഭൂയിഷ്ഠിത വര്‍ധിപ്പിക്കല്‍, കൂടുതല്‍ വിളകള്‍ക്ക് അടിസ്ഥാന വില ലഭ്യമാക്കല്‍ തുടങ്ങി കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായി പ്രത്യേക യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടേയും സഹായത്തോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചി(ICAR)ന്റെ നേതൃത്വത്തില്‍ മെയ് 29 മുതല്‍ ജൂണ്‍ 12 വരെ നടപ്പാക്കുന്ന ‘വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍’ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ ആലോചനാ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക വികസന പദ്ധതികളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ക്കായി കര്‍ഷകരെ ശാക്തീകരിക്കുന്ന പദ്ധതികളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് ഫെഡറലിസത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളും വിധം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള കാര്‍ഷിക സര്‍വകലാശാല, പ്രാദേശിക ഭരണകൂടങ്ങള്‍, കൃഷി ഉദ്യോഗസ്ഥര്‍, കാര്‍ഷികോല്പാദക സംഘടനകള്‍, കൃഷിക്കൂട്ടങ്ങള്‍ എന്നിവയുടെ ശൃംഖലയിലൂടെ ഈ പദ്ധതി ഗ്രാമീണ തലത്തില്‍ എത്തിക്കാന്‍ ശ്രമിക്കും. തെങ്ങ്, റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് ഐ സി എ ആറിന്റെ പ്രാദേശികമായ ഗവേഷണ കേന്ദ്രങ്ങളുടെ പിന്തുണ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Read Also: ‘സിയാല്‍ ലാഭം സ്വകാര്യവത്കരിക്കാതെ സാമൂഹ്യവത്കരിക്കുന്നു’; നെടുമ്പാശ്ശേരിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കര്‍ഷകരെ ശാസ്ത്രീയവും ആധുനികവുമായ കൃഷിരീതികളിലേക്ക് നയിക്കാനും കാര്‍ഷിക പദ്ധതികളുടെ പ്രയോജനങ്ങള്‍ ഗ്രാമീണ തലത്തില്‍ എത്തിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയില്‍, കര്‍ഷകര്‍ക്ക് ഏറ്റവും അനുയോജ്യമായ കാര്‍ഷിക പിന്തുണ, വിജ്ഞാനം, നൂതന സാങ്കേതികവിദ്യകള്‍ എന്നിവ നല്‍കി സുസ്ഥിരതയും ആധുനികതയും അടിസ്ഥാനമാക്കി കൃഷിയെ പരിവര്‍ത്തനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് തലത്തില്‍ കര്‍ഷക സംഗമങ്ങള്‍, പരിശീലന ശിബിരങ്ങള്‍, ശാസ്ത്രീയ കൃഷിപാഠങ്ങള്‍, വിജയഗാഥകള്‍ പങ്കുവെക്കുന്ന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിനൊപ്പം വിവിധ കാര്‍ഷിക വകുപ്പുകളും ഗവേഷണ സ്ഥാപനങ്ങളും സഹകരിച്ച് കര്‍ഷകരെ സജീവ പങ്കാളികളാക്കി ഈ ലക്ഷ്യം കൈവരിക്കുവാനും ഉദ്ദേശിക്കുന്നു. പദ്ധതി നടത്തിപ്പിന് കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ മന്ത്രി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാര്‍, കേന്ദ്ര- സംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News