
മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. സർക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. സ്വകാര്യവത്കരണത്തിന് ഉൗന്നൽ നൽകിയാണ് യുഡിഎഫ് സർക്കാർ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
മൂന്നുദിവസമാണ് ബജറ്റ് ചർച്ച നടക്കുക. പുതുക്കിയ ബജറ്റിന്റെ ധനാഭ്യർഥന ചർച്ച 29, 30 തീയതികളിലാണ്. ജൂലൈ ഒന്നിന് ധനവിനിയോഗ ബിൽ പാസ്സാക്കി സഭ പിരിയാനാണ് സാധ്യത.
ALSO READ: സിൻഡിക്കേറ്റ് യോഗം വിളിക്കാതെ വിസി; കാലിക്കറ്റ് സർവകലാശാല ഭരണസ്തംഭനത്തിലേക്ക്
അതേസമയം സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം പരാജയപ്പെട്ടത് പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കുമെന്നാണ് സൂചന. ഈ മാസം ഇതുവരെ 2.27 ലക്ഷത്തോളം പേരാണ് പനിക്ക് ചികിത്സ തേടിയത്. 144 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചപ്പോൾ ആറു പേർ മരണപ്പെടുകയും ചെയ്തു. എലിപ്പനി, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവയും വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിക്കുന്നത്.
ഇന്ദിരാ ഗ്യാരൻ്റി, അതിവേഗ റെയിൽ കോറിഡോർ തുടങ്ങിയവ ചോദ്യോത്തര വേളയിൽ സഭയിൽ ഉയർന്നുവരും. വാഗ്‌ദാനം ചെയ്‌തവ ഇല്ലാത്തതും പദ്ധതികളിൽ വരുത്തിയ വെട്ടിക്കുറവും പ്രതിപക്ഷം ചർച്ചയാക്കും. സർക്കാർ വന്ന് ഒരുമാസം കഴിഞ്ഞപ്പോഴേക്കും വിവാദങ്ങളുടെ ഘോഷയാത്രയാണ് വരിവരിയായി എത്തിക്കൊണ്ടിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

