നിയമസഭാ തെരഞ്ഞെടുപ്പിലെ പി‍ഴക്കാത്ത സംഘാടനം, ‘യഥാർത്ഥ ജനാധിപത്യ ഉത്സവം’; കേരളത്തെ പ്രശംസിച്ച് ലോകരാഷ്ട്രങ്ങള്‍

international delegates Kerala election

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കേരളത്തിന്റെ ആസൂത്രണം, പങ്കാളിത്തം, സജ്ജീകരണങ്ങൾ എന്നിവയെ പ്രശംസിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ആഗോള ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ഭാരത തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദർശക പരിപാടിയുടെ (IEVP 2026) ഭാഗമായി 9 രാജ്യങ്ങളിൽ നിന്നുള്ള (അൽബേനിയ, എസ്തോണിയ, ഫിജി, ജോർജിയ, കെനിയ, നമീബിയ, സമോവ, സെയ്‌ഷെൽസ്, സീറ ലിയോൺ) 17 അന്താരാഷ്ട്ര പ്രതിനിധികൾ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ നേരിട്ട് വിലയിരുത്തി.

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വ്യാപ്തിയും കൃത്യതയും ഊർജ്ജസ്വലതയും അവർ നേരിട്ട് അനുഭവിച്ചറിഞ്ഞു. 5 രാജ്യങ്ങളിൽ നിന്നുള്ള (എസ്തോണിയ, ഫിജി, ജോർജിയ, നമീബിയ, കെനിയ) 10 പ്രതിനിധികൾ കൊച്ചി ജില്ലയും, 4 രാജ്യങ്ങളിൽ നിന്നുള്ള (അൽബേനിയ, സമോവ, സെയ്‌ഷെൽസ്, സീറ ലിയോൺ) 7 പ്രതിനിധികൾ തിരുവനന്തപുരം ജില്ലയും സന്ദർശിച്ചു. ​തെരഞ്ഞെടുപ്പിനെ “യഥാർത്ഥ ജനാധിപത്യ ഉത്സവം” എന്ന് വിശേഷിപ്പിച്ച പ്രതിനിധികൾ, വോട്ടർമാരുടെ റെക്കോർഡ് പങ്കാളിത്തത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൂക്ഷ്മമായ ആസൂത്രണത്തിലും തടസ്സമില്ലാത്ത നടത്തിപ്പിലും ആശ്ചര്യം പ്രകടിപ്പിച്ചു.

സന്ദർശനത്തിന്റെ പ്രധാന ഘട്ടങ്ങൾ

​വിതരണ കേന്ദ്രങ്ങൾ (ഏപ്രിൽ 8-9): വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചുകൊണ്ടാണ് അന്താരാഷ്ട്ര പ്രതിനിധികൾ തങ്ങളുടെ സന്ദർശനം ആരംഭിച്ചത്. പോളിംഗ് സാമഗ്രികളുടെ വിതരണവും ഉദ്യോഗസ്ഥരുടെ വിന്യാസവും എത്രത്തോളം ചിട്ടയായാണ് നടപ്പിലാക്കുന്നതെന്ന് അവർ നിരീക്ഷിച്ചു. സമോവയിൽ നിന്നുള്ള രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടുത്തെ വിതരണ പ്രക്രിയയെന്നും ഇത്രയധികം വിഭാഗങ്ങളായി തിരിച്ച് ഓരോരുത്തർക്കും കൃത്യമായി സാമഗ്രികൾ നൽകുന്ന രീതി അത്ഭുതകരമാണെന്നും പ്രതിനിധി ഷാലോൺ സോഫിയ ടൈം പറഞ്ഞു.

​സുരക്ഷയും സുതാര്യതയും: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും (CEO) സ്റ്റേറ്റ് പൊലീസ് നോഡൽ ഓഫീസറുമായും പ്രതിനിധികൾ ആശയവിനിമയം നടത്തി. പോളിംഗ് സ്റ്റേഷനുകളിലെ 100% വെബ്കാസ്റ്റിംഗ് നിരീക്ഷിക്കുന്നതിനായി സി.ഇ.ഒ ഓഫീസുകളിൽ സജ്ജീകരിച്ചിട്ടുള്ള സി.സി.ടി.വി കൺട്രോൾ റൂമുകൾ സന്ദർശിച്ച അവർ, ഇത് സുതാര്യതയുടെ കരുത്തുറ്റ തൂണാണെന്ന് വിശേഷിപ്പിച്ചു.

പോളിങ് ദിനം: പോളിങ് ദിനത്തിൽ രാവിലെ മോക്ക് പോളുകൾ നിരീക്ഷിച്ച സംഘം, തുടർന്ന് കൊച്ചിയിലെയും തിരുവനന്തപുരത്തെയും വിവിധ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിച്ചു. റാംപുകൾ, വീൽചെയറുകൾ, വോളന്റിയർമാർ, ക്രഷ് (Creche)സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഭിന്നശേഷി സൗഹൃദ സജ്ജീകരണങ്ങളെ അവർ പ്രശംസിച്ചു. വനിതകളും ഭിന്നശേഷിക്കാരും നിയന്ത്രിക്കുന്ന പ്രത്യേക പോളിങ് സ്റ്റേഷനുകൾ ശ്രദ്ധയാകർഷിച്ചു.

​പ്രതിനിധികളുടെ പ്രതികരണങ്ങൾ ഇങ്ങനെ:

​”അത്യുജ്ജ്വലമായ ഉൾക്കൊള്ളൽ എന്നാണ് കെനിയയിൽ നിന്നുള്ള ഫാഹിമ അരാഫത്ത് അബ്ദുള്ള പ്രതികരിച്ചത്. ​പോളിങ് സ്റ്റേഷനുകളിലെ ക്രമീകരണങ്ങൾ തങ്ങളെ വളരെയധികം ആകർഷിച്ചുവെന്നും വീൽചെയർ, ക്രഷ് സൗകര്യങ്ങൾ എന്നിവ വളരെ നന്നായി ഒരുക്കിയിരിക്കുന്നുവെന്നും പൗലോസ് ഷിഗ്വേദ (നമീബിയ) പറഞ്ഞു.

“ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (EVM) ഉപയോഗം ശ്രദ്ധേയമാണ്. ഇവിടെ നിന്ന് പഠിച്ച കാര്യങ്ങൾ ഞങ്ങളുടെ നാട്ടിലും നടപ്പിലാക്കാൻ ശ്രമിക്കും. ഇതൊരു ഉത്സവം പോലെയാണ് ആഘോഷിക്കപ്പെടേണ്ടത്” – അബൂബക്കർ മഹ്മൂദ് കൊറോമ (സീറ ലിയോൺ) പറഞ്ഞു.

ALSO READ:

മറ്റ് സവിശേഷതകൾ

ജില്ലാതല മീഡിയ മോണിറ്ററിങ് സെന്ററുകൾ സന്ദർശിച്ച പ്രതിനിധികൾ, പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പോളിങ് സ്റ്റേഷനുകളിൽ നടന്ന വൃക്ഷത്തൈ നടീൽ പരിപാടിയിലും പങ്കെടുത്തു. കേരളത്തിലെ ‘ജെൻ സി’ (Gen Z)പ്രമേയത്തിലുള്ള പോളിങ് ബൂത്തുകൾ സന്ദർശിച്ച അവർ ആദ്യകാല വോട്ടർമാരുടെ ആവേശം നേരിൽ കണ്ടു.

​തെരഞ്ഞെടുപ്പ് മാനേജ്‌മെന്റിലെ ഇന്ത്യയുടെ മികവും സുതാര്യതയും ലോകത്തിന് മാതൃകയാണെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മറ്റ് രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളുമായി (EMBs) സഹകരിക്കാനും ഇന്ത്യയുടെ മികച്ച മാതൃകകൾ പരിചയപ്പെടുത്താനുമായി ഭാരത തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന മുൻനിര പദ്ധതിയാണ് അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദർശക പരിപാടി (IEVP).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News