ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം; ചർച്ചയായി ചെമ്പടയുടെ കരുത്തും സ്റ്റാലിന്റെ തന്ത്രവും, സതീശന്റെ വളച്ചൊടിക്കൽ സ്പോട്ടിൽ പൊളിച്ച് പിണറായി വിജയൻ

Kerala Assembly Witnesses Heated Debate Over Stalin–Hitler Pact and Communist History

രണ്ടാം ലോകമഹായുദ്ധ കാലത്തെ സോവിയറ്റ് യൂണിയന്റെ നിലപാടുകളെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തെയും ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ രൂക്ഷമായ വാഗ്വാദം ആണ് ഇന്ന് നടന്നത്. 1939-ലെ സ്റ്റാലിൻ-ഹിറ്റ്‌ലർ കരാറിനെ മുൻനിർത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച വിമർശനങ്ങൾക്ക്, ചരിത്രരേഖകൾ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകി.

1939-ൽ സോവിയറ്റ് യൂണിയൻ സ്വീകരിച്ച നിലപാടുകൾ നിഷ്പക്ഷമായിരുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സ്റ്റാലിൻ ഹിറ്റ്‌ലറുമായി ഉടമ്പടി ഉണ്ടാക്കി അദ്ദേഹത്തോടൊപ്പം നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാലിൻ ഹിറ്റ്‌ലറുടെ കൂടെ നിന്നതിനാലാണ് അക്കാലത്ത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും ഹിറ്റ്‌ലറെ പിന്തുണയ്ക്കുന്ന തീരുമാനങ്ങളെടുത്തതെന്നും മുഖ്യമന്ത്രി സഭയിൽ വാദിച്ചു.

ALSO READ: സർക്കാരിന്റേത് നവ ഉദാരവൽക്കരണ നയം; പൊതുമേഖലയെ തകർക്കാൻ നീക്കമെന്ന് പി. രാജീവ്

എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, 1939-ലെ അനാക്രമണ സന്ധി സോവിയറ്റ് യൂണിയന്റെ നിലനിൽപ്പിനായുള്ള കരുത്തുറ്റ തന്ത്രപരമായ നീക്കമായിരുന്നുവെന്ന് വ്യക്തമാക്കി. സോവിയറ്റ് യൂണിയൻ ഉദയം ചെയ്തിട്ട് കുറച്ചു കാലം മാത്രമേ ആയിരുന്നുള്ളൂ എന്നും, ആ ഘട്ടത്തിൽ നേരിട്ടുള്ള ഒരു ആക്രമണം തടയാനും തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താനുമാണ് ആ താൽക്കാലിക സന്ധി ഉപയോഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

സോവിയറ്റ് യൂണിയന്റെ ഈ തയ്യാറെടുപ്പ് എത്രത്തോളം ഫലപ്രദമായിരുന്നു എന്ന് തെളിയിക്കാൻ ഹിറ്റ്‌ലറുടെ തന്നെ ഡയറിക്കുറിപ്പുകൾ പ്രതിപക്ഷ നേതാവ് സഭയിൽ ഉദ്ധരിച്ചു. സോവിയറ്റ് യൂണിയനെ ആക്രമിക്കുന്ന ‘ഓപ്പറേഷൻ ബാർബറോസ’ ആരംഭിച്ചതിന് ശേഷം ഹിറ്റ്‌ലർ രേഖപ്പെടുത്തിയ വരികൾ ജർമ്മനിയുമായുള്ള ആ അനാക്രമണ സന്ധി സോവിയറ്റ് യൂണിയന് എത്രത്തോളം അനിവാര്യമായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹിറ്റ്‌ലറുടെ ഡയറിക്കുറിപ്പുകളിൽ ചിലത് ഇങ്ങനെ

1941 നവംബർ 29: “ഇത്രയും പ്രാകൃതരായ ഒരു ജനതയ്ക്ക് ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു സാങ്കേതിക മുന്നേറ്റം കൈവരിക്കാൻ എങ്ങനെ കഴിഞ്ഞു?”

1942 ഓഗസ്റ്റ് 26: “സ്റ്റാലിൻ റഷ്യയിലെ ജീവിതനിലവാരം ഉയർത്തി. ബാർബറോസ ആരംഭിച്ച സമയത്ത് റഷ്യൻ ജനങ്ങൾ പട്ടിണിയിലായിരുന്നില്ല. രണ്ട് വർഷം മുമ്പ് അറിയപ്പെടാത്ത ഗ്രാമങ്ങൾ മാത്രമുണ്ടായിരുന്നിടത്ത് ഇന്ന് വൻ ഫാക്ടറികൾ ഉയർന്നിരിക്കുന്നു. മാപ്പുകളിലില്ലാത്ത റെയിൽപാതകൾ പോലും ഞങ്ങൾ കാണുന്നു.”

സോവിയറ്റ് യൂണിയന്റെ വ്യവസായവൽക്കരണവും പ്രതിരോധ സന്നാഹങ്ങളും കണ്ടു ഹിറ്റ്‌ലർ അത്ഭുതപ്പെട്ടുവെന്നും, 1939-ലെ സന്ധിയിലൂടെ ലഭിച്ച സമയം ഉപയോഗിച്ചാണ് സോവിയറ്റ് യൂണിയൻ ഈ കരുത്ത് നേടിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഈ കരുത്താണ് ജർമ്മൻ സേന മോസ്കോയുടെ വാതിൽക്കൽ എത്തിയപ്പോൾ അവരെ പരാജയപ്പെടുത്താൻ ചെമ്പടയെ സഹായിച്ചതെന്നും, ഇത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News