
മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ അധിക്ഷേപിച്ചും അക്രമം കാണിച്ച ആർഎസ്എസിനെ ന്യായീകരിച്ചും കേരളത്തിലെ ബിജെപി നേതൃത്വം. തുഷാർ ഗാന്ധിയെ മാനസിക രോഗിയെന്ന് വിളിച്ച ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, തുഷാർ ഗാന്ധി ഗോപിനാഥൻ നായരെയും ഗാന്ധിജിയെയും അപമാനിച്ചെന്നും പ്രസ്താവന നടത്തി. പത്മശ്രീ ഗോപിനാഥൻ നായരെ അനുസ്മരികേണ്ട വേദി മലിനമാക്കിയ തുഷാർ ഗാന്ധിക്കെതിരെ വാർഡ് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചുവെങ്കിൽ അത് ‘സ്വാഭാവിക’മാണെന്നും എസ് സുരേഷ് പറഞ്ഞു.
ഗാന്ധികുടുംബത്തിന്റെ പിൻതലമുറക്കാരനെന്ന പേരിൽ തലച്ചോറും നാവും ‘അർബൻ നക്സലൈറ്റ്റുകൾക്കും’ രാജ്യദ്രോഹശക്തികൾക്കും തുഷാർ ഗാന്ധി പണയം വച്ചെന്നും ആരോപിച്ചു. ഫാസിസത്തിനെതിരെയുള്ള തുഷാർ ഗാന്ധിയുടെ വാക്കുകളെ ‘മൂന്നാംകിട രാഷ്ട്രീയം’ എന്നാണ് ബിജെപി വിശേഷിപ്പിച്ചത്.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ആർഎസ്എസ്- ബിജെപി പ്രതിഷേധം ഒരുതരത്തിലും തന്നെ പേടിപ്പിക്കില്ലെന്ന് തുഷാർ ഗാന്ധി പ്രതികരിച്ചിരുന്നു. ഇങ്ങനെയൊരു പ്രതിഷേധം പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇതൊക്കെ പ്രതീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“ഇങ്ങനെയൊരു പ്രതിഷേധം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇതൊക്കെ പ്രതീക്ഷിക്കണം. ജനാധിപത്യ രാജ്യത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഈ പ്രതിഷേധം എന്നെ ഒരുതരത്തിലും പേടിപ്പിക്കില്ല. അതിനു വേണ്ടി അവർ കഷ്ടപ്പെടേണ്ടതില്ല.- അദ്ദേഹം പറഞ്ഞു.
അതേസമയം, തുഷാർ ഗാന്ധിയെ ആക്രമിച്ച ആർഎസ്എസ് നടപടിയിൽ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ് വി. അനൂപ് എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരക്കാർ രാജ്യദ്രോഹികളാണ്. നെയ്യാറ്റിൻകരയിൽ അതിക്രമത്തിന് മുതിർന്ന ക്രിമിനൽ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണെന്നും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
വിമർശിക്കുന്നവരെയും വിയോജിക്കുന്നവരെയും വേട്ടയാടുന്നത് ഫാസിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുന്നതിനാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നിട്ടും പകതീരാത്ത ആർ എസ് എസ് ഗാന്ധിയുടെ ചെറുമകനെയും വേട്ടയാടുകയാണ്. ഇത് കണ്ടിരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here