ഭാഗ്യ നമ്പറില്ലെങ്കിൽ ഭരണം നടക്കില്ലേ? പതിമൂന്നാം നമ്പറിനെ പേടിച്ച് മന്ത്രിമാർ! ഈ വണ്ടി ആരെങ്കിലും എടുക്കുമോ?

No Minister Chose Car Number 13 At Kerala Cabinet Swearing-In Event

കേരളത്തിലെ പുതിയ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റു കഴിഞ്ഞു. വികസനവും പുരോഗതിയും ഒക്കെ വരുമോയെന്ന് കണ്ടറിയാം, പക്ഷെ അതിന് മുൻപേ നമ്മുടെ മന്ത്രിമാരെ അലട്ടുന്ന ഒരു വലിയ പ്രശ്നത്തെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. സംഗതി മറ്റൊന്നുമല്ല, ആ പേടിസ്വപ്നമായ ‘പതിമൂന്നാം നമ്പർ’ തന്നെ.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടൂറിസം വകുപ്പ് എല്ലാവർക്കും വേണ്ടി കാറുകൾ റെഡിയാക്കി നിർത്തിയിരുന്നു. അതിൽ ഒരു പാവം 13-ാം നമ്പർ കാറും ഉണ്ടായിരുന്നു. പക്ഷെ എന്തുചെയ്യാം, നമ്മുടെ ഒരു മന്ത്രി പോലും ആ കാറിന്റെ അടുത്തേക്ക് പോലും പോയില്ല! ആരും അത് ആവശ്യപ്പെട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം.

നമ്മൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് ചോദിക്കരുത്. ഇത് യുഡിഎഫ് സർക്കാരാണ്. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ഈ 13-ാം നമ്പർ കാർ വെറുതെ കിടക്കുകയായിരുന്നു. വികസനത്തിന്റെ കാര്യത്തിൽ തർക്കമുണ്ടാകുമെങ്കിലും അന്ധവിശ്വാസത്തിന്റെ കാര്യത്തിൽ ഇവർക്ക് വലിയ ഐക്യമാണ്!

ALSO READ:സംഘപരിവാർ വിധേയത്വമോ ? യുഡിഎഫ് സർക്കാർ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേഷ്ടാവിനെ

എന്നാൽ ഇതിന്റെ മറുവശം നോക്കൂ, പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മന്ത്രിമാർ 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങിയിരുന്നു. തോമസ് ഐസക്കും, എം.എ. ബേബിയുമൊക്കെ ഈ ‘അശുഭ’ നമ്പറിൽ സുഖമായി യാത്ര ചെയ്തവരാണ്. കഴിഞ്ഞ മന്ത്രിസഭയിൽ പി പ്രസാദ് ആയിരുന്നു ഈ കാറിൽ യാത്ര ചെയ്തത്. അന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞത് എത്ര ശരിയാണ്, ’13-ന് ജനിച്ചാൽ തിരുത്താൻ കഴിയില്ലല്ലോ, 13-ാം തീയതി ഓണവും വിഷുവുമൊക്കെ വന്നാൽ നമ്മൾ വേണ്ടെന്ന് വെക്കുമോ?’ എന്ന്.

മുഖ്യമന്ത്രി വി.ഡി. സതീശൻ ഒന്നാം നമ്പറിലും, കുഞ്ഞാലിക്കുട്ടി രണ്ടാം നമ്പറിലും ആയിരിക്കും ഇനി സഞ്ചരിക്കുക. എന്നാൽ മറ്റു ചിലർക്ക് താൽക്കാലികമായി കിട്ടിയ നമ്പറുകൾ പോരാ എന്നാണ് റിപ്പോർട്ടുകൾ. ഷിബു ബേബി ജോണിന് 51-ാം നമ്പർ വേണം, കെ. മുരളീധരന് 11 വേണം, രമേശ് ചെന്നിത്തലയ്ക്ക് 9-ാം നമ്പറിനോടാണ് താൽപ്പര്യം. ചെന്നിത്തല ഇപ്പോൾ ഓടുന്നത് 21-ാം നമ്പർ കാറിലാണെങ്കിലും ഒൻപതാം നമ്പർ വേണമെന്ന് ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.

ചുരുക്കത്തിൽ പറഞ്ഞാൽ, സംസ്ഥാനത്തിന്റെ ഭരണം കയ്യിലുണ്ടെങ്കിലും ഒരു നമ്പറിനെ പേടിച്ച് ഓടുകയാണ് നമ്മുടെ ജനപ്രതിനിധികൾ. ഭാഗ്യ നമ്പറുള്ള കാറിലിരുന്നാൽ കേരളത്തിലെ എല്ലാ പ്രശ്നങ്ങളും തീരുമായിരിക്കും അല്ലേ? എന്തായാലും 13-ാം നമ്പർ കാർ ഇപ്പോഴും ടൂറിസം വകുപ്പിന്റെ ഗാരേജിൽ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News