ഇന്ന് വിഷു; പ്രത്യാശയുടെ പൊന്‍കണിയൊരുക്കി മലയാളികള്‍

പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി വിഷുവിനെ വരവേറ്റ് മലയാളികള്‍. കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകള്‍ കൂടിയാണ് വിഷു. കളിയൊരുക്കിയതിനൊപ്പം വിഷു കൈനീട്ടം നല്‍കിയും പടക്കംപൊട്ടിച്ചും മലയാളികള്‍ വിഷു ആഘോഷമാക്കുകയാണ്.

മേടപുലരിയില്‍ കണ്ണനെ കണികണ്ടുണരുന്ന മലയാളികള്‍ക്ക് കണിക്കൊന്ന ഒഴിച്ചുകൂട്ടാനാവാത്തതാണ്. ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളുമുണ്ടാകും. കണി കണ്ട ശേഷം കൈനീട്ടമാണ്. വീട്ടിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് നല്‍കുന്ന അനുഗ്രഹം കൂടിയാണ് കൈനീട്ടം. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പോയവാരത്തിന്റെ ഓര്‍മകള്‍ പുതുക്കല്‍ കൂടിയാണ് ഓരോ ആഘോഷങ്ങളും. മുന്‍പൊക്കെ കൂട്ടുകുടുംബങ്ങളില്‍ ആഘോഷം പൊടിപൊടിക്കും. ഇന്ന് അത് അണുകുടുംബങ്ങളില്‍ ചെറിയ ആഘോഷങ്ങളില്‍ ഒതുങ്ങി. കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. പ്രത്യാശയോടെയുള്ള പുതിയ തുടക്കം.

വിഷുപ്പുലരിയില്‍ കണ്ണനെ കണികണ്ടുണരാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്കാണ്. രാവിലെ 2:45 മുതല്‍ 3:45 വരെ ആയിരുന്നു വിഷുക്കണി ദര്‍ശനം. ശബരിമലയില്‍ വിഷുക്കണി കാണാന്‍ ഭക്തരുടെ തിരക്കുണ്ട്. പുലര്‍ച്ചെ നാല് മണിയ്ക്ക് നട തുറന്നു. തുടര്‍ന്ന് തന്ത്രിയും മേല്‍ ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് വിഷു കൈനീട്ടം നല്‍കി. ഏഴ് മണി വരെയാണ് വിഷുക്കണികാണാന്‍ അവസരമുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News