‘തിങ്കൾ വി ഡി എങ്കിൽ ചൊവ്വ കെ സി ആകട്ടെ’; ‘മുഖ്യമന്ത്രി ഇല്ലാത്തവർ’ എന്ന് വിളിച്ച് കോൺഗ്രസിനെതിരെ ട്രോൾ പൂരം

TROLL AGAINST CONGRESS

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു, റിസൾട്ടും വന്നു. എന്നാൽ കേരളത്തിന് ഇതുവരെ ഒരു മുഖ്യമന്ത്രിയെ മാത്രം കിട്ടിയിട്ടില്ല. പൊരിവെയിലത്ത് നിന്ന് വോട്ട് ചെയ്ത് റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിട്ടും, ഒടുവിൽ “മുഖ്യമന്ത്രിയില്ലാത്തവർ” എന്ന പദവിയിലേക്ക് സംസ്ഥാനത്തെ എത്തിച്ച കോൺഗ്രസ് നേതൃത്വത്തിന് സോഷ്യൽ മീഡിയയിൽ വൻ ‘സ്വീകരണം’ ആണ് ലഭിക്കുന്നത്. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിലും ബംഗാളിലും ജയിച്ചവർ ഭരണം തുടങ്ങിയെങ്കിലും, കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്കും തിരിച്ചും വിമാനം കയറുന്ന തിരക്കിലാണെന്നാണ് പരിഹാസം. റിസൾട്ട് വന്നു ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ആരാവും മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ല.

മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ വൈകുന്നതിനെ ട്രോളന്മാർ നേരിടുന്നത് വിചിത്രമായ ഒരു ടൈംടേബിൾ അവതരിപ്പിച്ചുകൊണ്ടാണ്. തിങ്കളും ചൊവ്വയും രമേശ് ചെന്നിത്തല, ബുധനും വ്യാഴവും വി.ഡി. സതീശൻ, വെള്ളിയിലും ശനിയിലും കെ.സി. വേണുഗോപാൽ എന്നിങ്ങനെ മുഖ്യമന്ത്രി പദം ഷെയർ ചെയ്യാനാണ് സോഷ്യൽ മീഡിയയിലെ ഉപദേശം. പാർട്ടിക്കുള്ളിൽ യാതൊരു തർക്കവുമില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും, അണിയറയിലെ ചരടുവലികൾ വോട്ടർമാർ കൃത്യമായി കാണുന്നുണ്ടെന്ന് ട്രോളുകൾ ഓർമ്മിപ്പിക്കുന്നു. ഇനിയും തർക്കമില്ലെന്നു പറയുന്നവർ കണ്ണൊന്നു ടെസ്റ്റ് ചെയ്യുന്നത് നല്ലതാണെന്നും പരിഹാസങ്ങൾ ഉയരുന്നുണ്ട്.

ALSO READ: രാത്രിയിലും കാറ്റ് ആഞ്ഞുവീശും; അടുത്ത 3 മണിക്കൂറിൽ ഈ ജില്ലക്കാർ ശ്രദ്ധിക്കണേ

ട്രോളുകളിൽ ഏറ്റവും ശ്രദ്ധേയമായത് ഒരു മകനും മരിക്കാറായ അച്ഛനും തമ്മിലുള്ള സംഭാഷണമാണ്. “മരിക്കുന്നതിന് മുൻപ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന് അച്ഛന് ഒന്ന് അറിയണം” എന്ന അച്ഛന്റെ ആഗ്രഹം കേട്ട് കണ്ണ് നിറയുന്നത് കേരളത്തിലെ വോട്ടർമാർക്കാണെന്നാണ് പരിഹാസം. മാത്രമല്ല, മറ്റൊന്ന് തമിഴ്നാട്ടിൽ നിന്നുള്ള ഒരു സുഹൃത്തുമായുള്ള സംഭാഷണമാണ്. തമ്മിലുളള സംസാരത്തിനിടെ അത് അടിയായപ്പോൾ ‘നീ പോടാ മുഖ്യമന്ത്രിയില്ലാത്തവനെ’ എന്ന് മലയാളിയെ നോക്കി വിളിക്കുന്നതും മറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കിടന്നു കറങ്ങുകയാണ്.

തമിഴ്നാട്ടിൽ പല പാർട്ടികളിൽ നിന്നുള്ളവർ മുഖ്യമന്ത്രിയാകാൻ ശ്രമിക്കുമ്പോൾ, കേരളത്തിൽ ഒരേ പാർട്ടിയിൽ നിന്നുള്ള പലർ മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്നു എന്ന് ആയിരുന്നു സംവിധായകൻ ആർ ജെ ബാലാജി കേരളത്തിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോൾ പറഞ്ഞത്. പാൻ ഇനിടാൻ ലെവൽ കളിയാക്കൽ ആണല്ലോ കിട്ടുന്നത് എന്നായിരുന്നു ഇതിനു താഴെ എത്തിയ കമന്റുകൾ.

നേതാക്കൾ തമ്മിലുള്ള ഈ കസേരകളി കാരണം കോൺഗ്രസ് അനുഭാവികൾക്ക് പോലും നാട്ടിലിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയാണെന്നും, വോട്ട് ചെയ്തവരെക്കൂടി ഇനി ദില്ലിക്ക് വിളിപ്പിക്കുമോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. മുഖ്യമന്ത്രിയെ കിട്ടാതിരിക്കുകയും എന്നാൽ തർക്കമില്ലെന്ന് പറയുകയും ചെയ്യുന്ന ഈ ‘മഹത്തായ’ രാഷ്ട്രീയ നാടകത്തിനെതിരെ വോട്ടർമാരുടെ പ്രതിഷേധം ട്രോളുകളിലൂടെ ചിരിയായി പടരുകയാണ്. എന്തായാലും മുഖ്യമന്ത്രിയില്ലാത്ത സംസ്ഥാനമായി ഇനി എത്രനാൾ കേരളം തുടരണമെന്ന് കാത്തിരുന്നു കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News