
ആലപ്പുഴ കിടങ്ങറ ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ഇടപെടൽ. ജില്ലയിലെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മനസിലാക്കുന്നതിൻ്റെ ഭാഗമായി കിടങ്ങറ സ്‌കൂളിൽ എത്തിയ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്.
അപകടാവസ്ഥയിലുള്ള കെട്ടിടം ഫിറ്റ്നസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് ചെയർപേഴ്സൻ നിർദേശം നൽകി. നിർമാണം പൂർത്തികരിച്ച കെട്ടിടം എത്രയും പെട്ടെന്ന് പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും നിർദേശിച്ചു.
ബുധനൂർ ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ ബിആർസിയുടെ നേതൃത്വത്തിലുള്ള ഓട്ടിസം സെൻ്റർ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്ന് മനസ്സിലാക്കിയ കമ്മീഷൻ അടിയന്തരമായി ഫിറ്റ്നസ് ഉറപ്പുവരുത്തുവാൻ നിർദേശം നൽകി. ഈ വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
അങ്ങാടിക്കൽ സൗത്ത് ഹയർ സെക്കൻഡറി സ്‌കൂൾ, എടത്വ ജോർജിയൻ പബ്ലിക് സ്കൂൾ, എടത്വ സെൻ്റ് അലോഷ്യസ് ബോയ്‌സ് ഹൈസ്കൂൾ, എടത്വ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, കിടങ്ങറ ഹയർ സെക്കൻഡറി സ്കൂൾ, ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ബിആർസി സെന്റർ ബുധനൂർ, ഗവൺമെന്റ് മോഡൽ വിഎച്ച്എസ്എസ് ചെങ്ങന്നൂർ, ഗവൺമെന്റ് മോഡൽ ഹൈസ്കൂൾ ചെങ്ങന്നൂർ, ഗവൺമെന്റ് യുപിഎസ് പേരശ്ശേരി എന്നീ സ്‌കൂളുകളിലാണ് കമ്മീഷൻ സന്ദർശനം നടത്തിയത്.
ALSO READ: കള്ളാടി മണ്ണിടിച്ചിൽ: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ കമ്മീഷൻ പരിശോധിച്ചു. വിദ്യാർത്ഥികളുമായും സംസാരിച്ചു. പരിഹരിക്കേണ്ട വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. കമ്മീഷൻ അംഗങ്ങളായ ബി മോഹൻ കുമാർ, ഡോ. എഫ് വിൽസൺ, കെ കെ ഷാജു എന്നിവരും ചെയർപേഴ്സനൊപ്പം സന്ദർശനത്തിൽ ഉണ്ടായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

