
കേരള കോണ്‍ഗ്രസ് (എം) എൽഡിഎഫ് സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാരാണ്. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ എല്ലാം പിണറായി സര്‍ക്കാര്‍ പരിഹരിക്കുമെന്നും യുഡിഎഫിന്റെ മലയോര മേഖല ജാഥയ്ക്ക് ക്ഷണിച്ച മാത്യു കുഴല്‍നാടന് മറുപടിയായി മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രസംഗത്തിലായിരുന്നു, കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ എത്തിയപ്പോള്‍ മലയോര ജനതയെ കൈവിട്ടെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചത്. ഇതിനുള്ള മറുപടിയില്‍ യുഡിഎഫ് കേരള കോണ്‍ഗ്രസിനോട് കാണിച്ച വഞ്ചനയും എല്‍ഡിഎഫ് നല്‍കിയ കരുതലും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
38 വര്‍ഷക്കാലം യുഡിഎഫിന്റെ ഭാഗമായിരുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് (എം). ഒരു സുപ്രഭാതത്തില്‍ ഞങ്ങള്‍ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പറഞ്ഞു താഴെയിറക്കി. ഞങ്ങളും കര്‍ഷകരും പെരുവഴിയില്‍ നില്‍ക്കണോ. എന്നാൽ, പിണറായി സര്‍ക്കാര്‍ ഞങ്ങളെ ഒപ്പം ചേര്‍ത്തു. ഈ സര്‍ക്കാര്‍ മലയോരമേഖലയിലെ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ 100 ശതമാനം ശ്രമവും നടത്തുന്നുണ്ട്. എവിടെ എന്ത് പ്രശ്‌നമുണ്ടെങ്കിലും അത് സര്‍ക്കാര്‍ പരിഹരിക്കും. ഈ സര്‍ക്കാരിനൊപ്പം കേരള കോണ്‍ഗ്രസ് (എം) ഉറച്ചുനില്‍ക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ഇതോടെ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കുള്ള ശക്തമായ മറുപടി കൂടിയായി മന്ത്രി റോഷി അഗസ്റ്റിന്റേത് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

