2021ന് ശേഷം കേരളത്തിന്റെ ആകെ കടം ഗണ്യമായി കുറഞ്ഞു; വസ്തുത മറച്ചുവെച്ച് കടക്കെണിയിലെന്ന് വരുത്താന്‍ പ്രതിപക്ഷശ്രമം

kerala-debt

കമലേഷ് കെ വി

സര്‍വതലസ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നേറുമ്പോള്‍ സംസ്ഥാനം കടക്കെണിയിലെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷശ്രമം. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കടം പോലും കേന്ദ്രം നിഷേധിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ വ്യാജപ്രചരണം. അതേസമയം, 2021ന് ശേഷം കേരളത്തിന്റെ ആകെ കടം ഗണ്യമായി കുറഞ്ഞതായാണ് ജി എസ് ഡി പി കണക്കുകള്‍ വ്യക്തമാക്കുന്നത്.

പാര്‍ലമെന്റും സംസ്ഥാന നിയമസഭയും അംഗീകരിച്ച ധന ഉത്തരവാദിത്വ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട്, കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയും, റിസര്‍വ് ബാങ്ക് നിബന്ധനകള്‍ പാലിച്ചും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ എടുക്കാനാകുക. ഇതനസുരിച്ച് കേരളത്തിന് ആഭ്യന്തര സംസ്ഥാന മൊത്ത ഉത്പാദനത്തിന്റെ 3.5 ശതമാനം വരെ വായ്പ എടുക്കാന്‍ കഴിയും. എന്നാല്‍, 2022-23ല്‍ 2.5 ശതമാനവും 2023-24ല്‍ 2.99 ശതമാനവും മാത്രമാണ് സംസ്ഥാനം വായ്പ എടുത്തത്.

Read Also: സ്മാര്‍ട്ട് സിറ്റി റോഡ് ഉദ്ഘാടനം: വാര്‍ത്ത തീര്‍ത്തും വസ്തുതാവിരുദ്ധം, തെരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുവെന്നും എം ബി രാജേഷ്

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ആരോഗ്യം പരിശോധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കടം- ജി എസ് ഡി പി അനുപാതം. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ജി എസ് ഡി പി കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ആകെ കടത്തില്‍ കുറവാണ് ഉള്ളത്. ജി എസ് ഡി പിയുടെ ശതമാനത്തില്‍ 2020- 21നു ശേഷം കടം ഗണ്യമായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2020- 21ല്‍ കടം- ജി എസ് ഡി പി അനുപാതം 38.47 ശതമാനമായിരുന്നു. 2021-22ല്‍ 36.31 ശതമാനം, 2022- 23ല്‍ 35.38 ശതമാനം, 2023-24ല്‍ 34.2 ശതമാനം എന്നിങ്ങനെ കുറയുകയായിരുന്നു. 2024- 25ല്‍ ആകട്ടെ 33.9 ശതമാനമായി താഴ്ന്നു.

2020-21ല്‍ ജി എസ് ഡി പി 7.79 ലക്ഷം കോടി രൂപയായിരുന്നപ്പോള്‍ സംസ്ഥാനത്തിന്റെ ആകെ ബാധ്യത 2.96 ലക്ഷം കോടി രൂപയായിരുന്നു. 2023- 24ല്‍ ആകെ ബാധ്യത 3.91 ലക്ഷം കോടിയാണ്. എന്നാല്‍, ജി എസ് ഡി പി 11.46 ലക്ഷം കോടിയായി വളര്‍ന്നു. 2024-25 ല്‍ ആകെ ബാധ്യത 4.31 ലക്ഷം കോടി രൂപ. എന്നാല്‍, ജി എസ് ഡി പിയാകട്ടെ 12.75 ലക്ഷം കോടി രൂപയായി. സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായി കടം- ജി എസ് ഡി പി അനുപാതം ഉയരുകയല്ല, താഴുകയാണ് എന്നതാണ് യാഥാര്‍ഥ്യം.

ഇതേരീതിയില്‍ കടം, ജി എസ് ഡി പി വളര്‍ച്ച അനുപാതം നോക്കിയാല്‍ യു ഡി എഫ് സര്‍ക്കാരുകളുടെ കാലത്താണ് കേരളം അപകടകരമായ നിലയില്‍ കടം എടുത്തിട്ടുള്ളതെന്നും കണക്കുകള്‍ പറയുന്നു. ഇത് മറച്ചുവെച്ചാണ് പ്രതിപക്ഷമിപ്പോള്‍ സംസ്ഥാനം കടക്കെണിയിലാണെന്ന വ്യാജപ്രചരണവുമായി രംഗത്തിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News