
കേരളം ഇപ്പോൾ പ്രധാനമായും രണ്ടു ചൂടിലൂടെയാണ് കടന്നുപോവുന്നത്. ഒരു വശത്ത് ഏപ്രിൽ 9-ന് നടക്കാനിരിക്കുന്ന 2026 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലാണ്. മറുവശത്ത്, മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. ചൂട് കനക്കുകയാണെങ്കിലും സ്ഥാനാർത്ഥികൾക്ക് തെരെഞ്ഞെടുപ്പിനോടും പ്രചാരണ പ്രവർത്തനങ്ങളോടും നോ പറയാനും സാധിക്കില്ല. ഈ അവസരത്തിൽ എങ്ങനെ ആരോഗ്യകരമായ രീതിയിൽ കനത്ത ചൂടിലും പ്രചാരണ പ്രവർത്തങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോവാമെന്ന് നോക്കിയാലോ….
നിർജ്ജലീകരണം തടയാൻ മുൻകരുതൽ
വേനൽക്കാലത്ത് ശരീരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിർജ്ജലീകരണമാണ്. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. തെരഞ്ഞെടുപ്പ് റാലികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുന്നവർ കുറഞ്ഞത് 3 മുതൽ 4 ലിറ്റർ വരെ വെള്ളം പ്രതിദിനം കുടിക്കണം. കൃത്രിമ പാനീയങ്ങൾക്കും ചായയ്ക്കും പകരം പ്രകൃതിദത്തമായ ഇളനീർ, സംഭാരം (മോരുംവെള്ളം), നാരങ്ങാവെള്ളം എന്നിവ ശീലമാക്കുന്നത് ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.
ALSO READ : എസി ഇല്ലാതെ വീട് തണുപ്പിക്കാൻ ഇത്രയും എളുപ്പമായിരുന്നോ? ഈ 5 കാര്യങ്ങൾ ചെയ്തു നോക്കൂ ..
ഉച്ചസമയത്തെ പുറത്തിറങ്ങൽ ഒഴിവാക്കുക
ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്താണ് സൂര്യപ്രകാശം ഏറ്റവും ശക്തമാകുന്നത്. ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് സൂര്യാഘാതത്തിന് കാരണമായേക്കാം. വോട്ട് ചോദിച്ചിറങ്ങുന്ന സ്ഥാനാർത്ഥികളും അണികളും ഈ സമയം വീടിനുള്ളിലോ തണലുള്ള ഇടങ്ങളിലോ വിശ്രമിക്കാൻ ശ്രദ്ധിക്കണം. കുടുംബയോഗങ്ങളും ചെറിയ കൂട്ടായ്മകളും വൈകുന്നേരങ്ങളിലേക്ക് മാറ്റുന്നത് വോട്ടർമാർക്കും പ്രചാരകർക്കും ആശ്വാസകരമാകും.
വസ്ത്രധാരണത്തിലെ മിതത്വം
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം കോട്ടൺ വസ്ത്രങ്ങളാണ്. കറുപ്പ് പോലെയുള്ള ഇരുണ്ട നിറങ്ങൾ കൂടുതൽ ചൂട് ആഗിരണം ചെയ്യുമെന്നതിനാൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഷാളുകളും തൊപ്പികളും ധരിക്കുമ്പോൾ അത് കടുപ്പമില്ലാത്ത തുണികൊണ്ടുള്ളതാണെന്ന് ഉറപ്പാക്കുക. വെയിലത്ത് നടക്കുമ്പോൾ കുട ഉപയോഗിക്കുന്നത് ഒരു പരിധിവരെ നേരിട്ടുള്ള താപം തടയാൻ സഹായിക്കും.
ഭക്ഷണരീതിയിൽ മാറ്റം വരുത്താം
അമിതമായി എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഈ വേനൽക്കാലത്ത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ലഘുഭക്ഷണം ശീലമാക്കുക. പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രത്യേകിച്ച് തണ്ണിമത്തൻ, വെള്ളരിക്ക തുടങ്ങിയ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരത്തിന് തണുപ്പ് നൽകും. വഴിയോരത്തെ തട്ടുകടകളിൽ നിന്നുള്ള തുറന്നുവെച്ച ഭക്ഷണങ്ങളും ഐസ് ഇട്ട പാനീയങ്ങളും ഒഴിവാക്കുന്നത് വയറിളക്കം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

