
മയക്കുമരുന്നിനെതിരെ ശക്തമായ നടപടികൾ തുടർന്ന് എക്സൈസ് സേന. മെയ് 1 മുതൽ ജൂൺ 25 വരെ എക്സൈസ് പിടികൂടിയത് 1181 മയക്കുമരുന്ന് കേസുകളാണ്. ഈ കേസുകളിൽ 1782 പേരെ പ്രതിചേർക്കുകയും 1745 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആകെ 7.67 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തിയ 80 വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
മയക്കുമരുന്നിനെതിരെ അതിശക്തമായ നടപടി തുടരുന്ന എക്സൈസ് സേനയെ തദ്ദേശ സ്വയം ഭരണവും എക്സൈസും പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മയക്കുമരുന്നിനെതിരെ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനമാണ് എക്സൈസും പൊലീസും സംസ്ഥാനത്തെങ്ങും കാഴ്ചവെക്കുന്നത്. യോജിച്ച പ്രവർത്തനത്തിലൂടെ മയക്കുമരുന്ന് മാഫിയയെ മുട്ടുകുത്തിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പിടികൂടുന്ന പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനും കഴിയുന്നുണ്ട്. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്കൂൾ പരിസരത്ത് വിപുലമായ നിരീക്ഷണം ഉറപ്പാക്കാൻ എക്സൈസിന് കഴിഞ്ഞു. സ്കൂൾ പരിസരത്ത് മാത്രം മെയ് 1 മുതൽ ജൂൺ 25 വരെ 10823 പരിശോധനകളാണ് നടത്തിയത്. സ്കൂളിന് 100 മീറ്റർ ചുറ്റളവിലെ എല്ലാ കടകളിലും എക്സൈസ് പരിശോധന തുടരുന്നുണ്ട്. ഈ വർഷം (ജനുവരി 1 മുതൽ) ഇതുവരെ 19410 സ്കൂളുകളുടെ പരിസരത്ത് ഇങ്ങനെ പരിശോധന നടത്തി. ഇതിൽ നിന്ന് 4 മയക്കുമരുന്ന് കേസുകളും, 20 അബ്കാരി കേസുകളും, 1077 പുകയില കേസുകളും പിടികൂടി. ഇത്തരത്തിൽ ലഹരി കച്ചവടം നടത്തിയ 31 കടകളുടെ ലൈസൻസ് 2024-25 വർഷങ്ങളിൽ റദ്ദാക്കിയിട്ടുണ്ട്.
23,944 റെയ്ഡുകളാണ് മെയ് 1 മുതൽ ജൂൺ 25 വരെ എക്സൈസ് നടത്തിയത്. ഇതിൽ മറ്റ് സേനകളുമായി ചേർന്ന് 568 പരിശോധനകളുമുണ്ട്. 2,03,405 വാഹനങ്ങൾ പരിശോധിച്ചു. ബസ് സ്റ്റാൻഡുകളിൽ 2212, റെയിൽവേ സ്റ്റേഷനുകളിൽ 723, ലേബർ ക്യാമ്പുകളിൽ 634, മെഡിക്കൽ ഷോപ്പുകളിൽ 53, ഒറ്റപ്പെട്ട കെട്ടിടങ്ങളിൽ 175 റെയ്ഡുകളും എക്സൈസ് നടത്തി. ഒളിവിലിരുന്ന 105 പ്രതികളെയും ഈ കാലയളവിൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു.
ALSO READ: ലഹരിയ്‌ക്കെതിരെ യുവ കേരളത്തിന്റെ പോരാട്ടം; ആസിഫ് അലി ഗുഡ്‌വില്‍ അംബാസഡര്‍
622.3 ഗ്രാം എംഡിഎംഎ, 1831.7 ഗ്രാം മെത്താഫെറ്റമിൻ, 24.25 ഗ്രാം ട്രമഡോൾ, 1.5 ഗ്രാം മാജിക് മഷ്റൂം, 25.065 ഗ്രാം ബ്രൌൺ ഷുഗർ, .66 ഗ്രാം എൽഎസ്ഡി, 326.87 ഗ്രാം നെട്രോസെഫാം ഗുളികകൾ, 3.4 ഗ്രാം അൽപ്രാസോളം, 3.07 ഗ്രാം ബുപ്രെനോർഫിൻ ഗുളികകൾ തുടങ്ങിയവയാണ് ഈ കാലയളവിൽ പിടിച്ചത്. ഇതിന് പുറമേ 289.56 കിലോ കഞ്ചാവ്, 143.34 ഗ്രാം ഹെറോയിൻ, 117.67 ഗ്രാം ഹാഷിഷ് ഓയിൽ, 134.3 ഗ്രാം കഞ്ചാവ് കലർത്തിയ ചോക്കളേറ്റ്, 122.76 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയും പിടിച്ചിട്ടുണ്ട്.
ഇതിന് പുറമേ 3221 അബ്കാരി കേസുകളും 11979 പുകയില കേസുകളും എക്സൈസ് പിടിച്ചിട്ടുണ്ട്. ഈ കേസുകളിലായി 14692 പേരെ പ്രതിചേർത്തു. 2001 ലിറ്റർ സ്പിരിറ്റ്, 475.65 ലിറ്റർ ചാരായം, 8351.21 ലിറ്റർ അനധികൃത വിദേശ മദ്യം. 27624 ലിറ്റർ വാഷ്, 4797.14 കിലോ പുകയില ഉൽപ്പന്നങ്ങൾ എന്നിവ എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here