2025-26 സാമ്പത്തിക വര്‍ഷം: പദ്ധതി ചെലവില്‍ റെക്കോര്‍ഡ് നേട്ടവുമായി സംസ്ഥാന സര്‍ക്കാര്‍

K N BALAGOPAL

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനഘട്ട കണക്കുകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ചെലവില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഫേസ്ബുക്കിലൂടെ അറിയിച്ചു. മാര്‍ച്ച് 31-ന് പണമിടപാടുകള്‍ ക്ലോസ് ചെയ്തപ്പോള്‍ ആകെ പദ്ധതി ചെലവ് 106.46 ശതമാനമായി ഉയര്‍ന്നു. രണ്ട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലങ്ങള്‍ ഉള്‍പ്പെട്ട വര്‍ഷമായിട്ടും ഈ നേട്ടം കൈവരിച്ചതാണ് എടുത്ത് പറയേണ്ട പ്രത്യേകത. മുന്‍വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പദ്ധതി ചെലവില്‍ വന്‍ വര്‍ധനയാണുണ്ടായത് ഈ സാഹചര്യത്തിലാണ്, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ തെലങ്കാനയും, ഹിമാചൽപ്രദേശും കണ്ട് പഠിക്കണമെന്ന് ഉപദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.

2025-26 സാമ്പത്തിക വര്‍ഷത്തെ പണമിടപാടുകള്‍ മാര്‍ച്ച് 31-ന് ക്ലോസ്സ് ചെയ്തപ്പോള്‍ സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണ്. രണ്ട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലങ്ങള്‍ ഉള്‍പ്പെട്ട സാമ്പത്തിക വര്‍ഷത്തിലാണ് ഇത്രയും മികച്ച ഒരു പദ്ധതി ചെലവ് നടത്തുവാന്‍ കഴിഞ്ഞിട്ടുള്ളത്.

Also read : കണക്കുകൾ വ്യക്തമാണ്; വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്ത് വിട്ട് സിപിഐഎം

തദ്ദേശസ്ഥാപനങ്ങളുടെ ചെലവ് 78.12 ശതമാനം പിന്നിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് പരിശോധനാ സമിതിയുടെ അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള ഏകദേശം 2000 കോടി രൂപയുടെ ചെലവുകള്‍ കൂടി അംഗീകരിക്കപ്പെടുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 98 ശതമാനമായി ഉയരും. ഈ തുക പുതിയ സാമ്പത്തികവര്‍ഷത്തില്‍ സ്പില്‍ ഓവറായി നല്‍കാന്‍ കഴിയും.

സംസ്ഥാന പദ്ധതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയും ഒരുമിച്ച് പരിഗണിക്കുമ്പോള്‍ പദ്ധതി ചെലവ് 104 ശതമാനത്തോളമാകും.

സംസ്ഥാന പദ്ധതി ചെലവ് 24,723 കോടി രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 7199 കോടി രൂപയുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിട്ടുള്ള 2000 കോടിയില്‍പരം രൂപയുടെ ചെലവുകള്‍ കൂടി പൂര്‍ത്തീകരിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 9200 കോടി രൂപയിലെത്തും. സംസ്ഥാന പദ്ധതിയും തദ്ദേശ സ്ഥാപന പദ്ധതിയും ചേര്‍ത്ത് ചേര്‍ത്ത് 31,922 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31-ലെ പ്രാഥമിക കണക്കുകള്‍ അനുസരിച്ചുള്ള പദ്ധതി ചെലവ്. അവസാന കണക്കില്‍ ഈ തുകകളെല്ലാം ഉയരും.

സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നുവെന്നും ആരോപിച്ചവര്‍ക്കുള്ള മറുപടിയാണ് സാമ്പത്തികവര്‍ഷത്തെ അന്തിമ കണക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ഒരു ദിവസം മുമ്പേയുള്ള ഈ കണക്കുകള്‍ നല്‍കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ ശമ്പളപരിഷ്കരണത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവന്നു. ഇതുകൊണ്ടുമാത്രം 30,000 കോടിയോളം രൂപയുടെ അധികബാധ്യതയാണ് ഏറ്റെടുക്കേണ്ടി വന്നിരുന്നത്. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുന്നു എന്നൊക്കെയുള്ള ആക്ഷേപങ്ങളാണ് ചിലഭാഗത്തുനിന്നെല്ലാം ഉയര്‍ന്നുവന്നത്. എന്നാല്‍ അത്തരത്തിലുള്ള എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള മറുപടിയാണ് അഞ്ചാം വര്‍ഷാവസാനവും നടന്നിട്ടുള്ള ചെലവുകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

2024-25 ല്‍ സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് 85.66 ശതമാനമായിരുന്നു.

2023-24-ലാകട്ടെ സംസ്ഥാന പദ്ധതി ചെലവ് 80.52 ശതമാനവും.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്റെ ചെലവിനങ്ങളില്‍ വലിയ വര്‍ധനയാണുള്ളത്.

2025-26 സാമ്പത്തിക വര്‍ഷത്തിലെ അന്തിമ കണക്കുകളുടെ പ്രാഥമിക വിലയിരുത്തലില്‍ 1.90 ലക്ഷം കോടി രൂപയോളമാണ് സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും ചെലവഴിച്ചിട്ടുള്ളത്.

മാര്‍ച്ച് മാസത്തിലെ മാത്രം ചെലവാകട്ടെ 21,000 കോടി രൂപയിലധികമാണ്. അവസാന ദിവസത്തെ ചെലവിനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ആകെ ചെലവ് 2025-26-ലെ പുതുക്കിയ എസ്റ്റിമേറ്റ് തുകയായ 1.92 ലക്ഷം കോടി രൂപയില്‍ എത്തുമെന്നാണ് മനസിലാക്കാനാകുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ക്ഷേമപെന്‍ഷനുകള്‍ക്കുള്ള 2500 കോടിയോളം രൂപ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. ഒപ്പം സ്പില്‍ഓവര്‍ ചെലവില്‍ ഉള്‍പ്പെടേണ്ട 2000 കോടി രൂപ കൂടി കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ മാര്‍ച്ചിലെ ചെലവ് 25,500 കോടിയോളം രൂപയാകും.

സംസ്ഥാനത്തിന്റെ തനത് വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ട്രില്യണ്‍ രൂപയ്ക്ക് മുകളിലേക്ക് എത്തിയിരിക്കുകയാണ്. (ഒരു ലക്ഷം കോടി)

തനത് നികുതി വരുമാനം മാത്രം 81,300 കോടിയിലധികം ആകുമെന്നാണ് കണക്കാക്കുന്നത്.

തനത് നികുതിയേതര വരുമാനം 22,300 കോടി രൂപയോളവുമാകും.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി നിരക്കുകളിലെ പരിഷ്കരണങ്ങള്‍, റഷ്യ – യുക്രൈന്‍ യുദ്ധം, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍, അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ട്രേഡ് താരിഫ് പോലുള്ള പല നിയന്ത്രണാതീതമായ ഘടകങ്ങളും സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന് വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ കാര്യക്ഷമമായ വിഭവ സമാഹകരണത്തിലൂടെയും നികുതി പിരിവ് ശാസ്ത്രീയമായി ഊര്‍ജിതപ്പെടുത്തിയതിലൂടെയും സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം ഗണ്യമായി വര്‍ധിപ്പിച്ചുകൊണ്ടാണ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവിധ കോട്ടവും വരുത്താതെയുള്ള ധീരമായ ഇടപെടലുകള്‍ നടത്തുവാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കിയത്.

2026-27 ലെ ബജറ്റില്‍ 2.40 ട്രില്യണ്‍ രൂപയുടെ വരവും ചെലവുമാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സാധ്യമാക്കാനാകുമെന്നത് ഉറപ്പാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പൊതുചെലവ് ഗണ്യമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2011-16 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വാര്‍ഷിക പൊതുചെലവ് ശരാശരി 68,028 കോടി രൂപയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശരാശരി വാര്‍ഷിക ചെലവ് 1.15 ലക്ഷം കോടി രൂപയായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ശരാശരി വാര്‍ഷിക ചെലവ് 1.72 ലക്ഷം കോടി രൂപയോളമാണ്. ഈ വര്‍ഷത്തെ അന്തിമ കണക്കുകള്‍ വരുമ്പോള്‍ ഇത് വീണ്ടും ഉയരും. ശരാശരി വാര്‍ഷിക ചെലവില്‍ 57,000 കോടി രൂപയുടെ വര്‍ധനയാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. കിഫ്ബി ആകെ ചെലവാക്കിയ തുകയേക്കാള്‍ കൂടുതല്‍ തുക ഈ അഞ്ചുവര്‍ഷത്തിനുള്ളില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് നീക്കിവെയ്ക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ 9,011 കോടി രൂപയാണ് നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാരാകട്ടെ 35,154 കോടി രൂപയും വിതരണം ചെയ്തു.

നമുക്ക് കിട്ടാനുള്ള തുകകളില്‍ വലിയ തോതിലുള്ള വെട്ടിക്കുറവ് നേരിടേണ്ടിവന്ന കാലഘട്ടത്തിലാണ് ഇത്തരത്തില്‍ പൊതുചെലവ് ഗണ്യമായി ഉയര്‍ത്താനായത്. കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ മൂലം വര്‍ഷം ഏതാണ്ട് 50,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് നമുക്കുണ്ടായിരിക്കൊണ്ടിരിക്കുന്നത്. കടമെടുപ്പ് പരിധിയില്‍ വരുത്തിയ കുറവുകള്‍ മൂലം മാത്രം ഏതാണ്ട് ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളത്. ഈ പ്രതിസന്ധികള്‍ക്കിടയിലും മികച്ച രീതിയില്‍ സംസ്ഥാനത്തിന്റെ ചെലവുകളെ നിര്‍വഹിക്കാനായിട്ടുണ്ട്. ധനദൃഢീകരണ പ്രവര്‍ത്തനങ്ങളില്‍ കേരളം ഇക്കാലഘട്ടത്തില്‍ വളരെയേറെ മുന്നിലെത്തിയിട്ടുണ്ടെന്ന് സി & എ ജിയും ആര്‍.ബി.ഐയും അടക്കം പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ധനദൃഢീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ എല്ലാ മേഖലകള്‍ക്കും ആവശ്യമായത്ര പണം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യസുരക്ഷാ പെന്‍ഷന് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത് 13,684 കോടി രൂപയാണ് നല്‍കിയത്. ഈ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്ത് ഇതുവരെ നല്‍കിയതാകട്ടെ 51,534 കോടി രൂപയാണ്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025 വരെയുള്ള ക്ഷാമബത്തയും ക്ഷാമാശ്വാസവും മാര്‍ച്ച് മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം അനുവദിച്ചിരിക്കുകയാണ്. ഇതിനായി മാസം 490 കോടി രൂപയാണ് അധികമായി വിനിയോഗിക്കുന്നത്.

വീട്ടമ്മമാര്‍ക്ക് ആയിരം രൂപ പ്രതിമാസം ധനസഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിയ്ക്ക് ഇതിനോടകം 323 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

18-നും 30-നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകരായ യുവതീയുവാക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയില്‍ ഇതിനകം 15 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. ഈ രണ്ട് പദ്ധതികളിലും ഇനിയും ചെലവ് വര്‍ധിക്കും. അവ നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ഇങ്ങനെ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ടതുമായ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ തുക മുഴുവന്‍ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് അനുവദിച്ച ഡി.എയുടെ കുടിശ്ശിക തുക മാത്രമാണിനി അവശേഷിക്കുന്നത്. അതും കൊടുത്തുതീര്‍ക്കുന്നതിനാവശ്യമായ തുക ഈ സാമ്പത്തിക വര്‍ഷത്തിലടക്കം ലഭ്യമാക്കുകയാണ്. ഒപ്പം പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് നീക്കിയിരിപ്പായി 4000 കോടി രൂപ കൂടി ട്രഷറിയില്‍ നീക്കിയിരിപ്പായി ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എല്ലാ മേഖലയിലും ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ കൂടുതല്‍ തുക ലഭ്യമാക്കിക്കൊണ്ടാണ് ട്രഷറിയില്‍ ഈ നീക്കിയിരിപ്പും സാധ്യമാക്കിയത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 918 കോടി നല്‍കി. ബജറ്റ് വകയിരുത്തലിനേക്കാള്‍ 218 കോടി രൂപ അധികമായി നല്‍കി. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് (KMSCL) മരുന്ന് വാങ്ങാന്‍ 756 കോടി രൂപ നല്‍കി. ബജറ്റ് വകയിരുത്തല്‍ 400 കോടി രൂപയായിരുന്നു. ഏകദേശം ഇരട്ടിയോളം തുകയാണ് അധികമായി നല്‍കിയത്. റേഷന്‍ സബ്സിഡിയ്ക്ക് 1039 കോടിയാണ് നല്‍കിയത്. കെ.എസ്.ആര്‍.ടി.സിയ്ക്ക് ബജറ്റില്‍ 1039 കോടി രൂപ നീക്കിവെച്ചു. നല്‍കിയത് 1626 കോടി രൂപയാണ്. ബജറ്റ് വകയിരുത്തലിനേക്കാള്‍ 563 കോടി രൂപ അധികമായി നല്‍കി. എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയ്ക്ക് 3000 കോടി രൂപയാണ് നല്‍കിയത്. ബജറ്റ് വകയിരുത്തലാകട്ടെ 560 കോടിയും. കേന്ദ്ര-സംസ്ഥാന തുല്യവിഹിതമുള്ള പദ്ധതിയാണിത്. എന്നാല്‍ ഇതിന് 500 കോടി രൂപ മാത്രമാണ് കഴിഞ്ഞ വര്‍ഷം കേന്ദ്രം ലഭ്യമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെടുന്നതുമൂലം പാതിവഴിയിലാവുന്ന ജലജീവന്‍ പദ്ധതിയുടെ പൂര്‍ത്തീകരണം ലക്ഷ്യമിട്ടാണ് ഇത്രയേറെ തുക അധികമായി നല്‍കിയത്. ഇങ്ങനെ എല്ലാ മേഖലയിലും വലിയ തോതില്‍ തന്നെ പണം ലഭ്യമാക്കിയിട്ടുണ്ട്. ഇത് ജനങ്ങള്‍ക്ക് നല്‍കിയ ഒരു ഗ്യാരന്റിയുടെ ഭാഗമായുള്ള ചെലവുകളാണ്. ഇനി വരുന്ന ഒരു ഇടതുപക്ഷ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് ധനപരമായ ഉറപ്പ് നല്‍കാന്‍ കഴിയുന്ന രീതിയില്‍ തന്നെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങളും അവസാനിച്ചിരിക്കുന്നത്.

ഇതിനൊപ്പം ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ്. അവരുടെ ആഭ്യന്തരോല്‍പ്പാദനത്തിന്റെ 46 ശതമാനം കടമാണെന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൂര്‍ണ്ണമായും ശമ്പളം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് അവിടുത്തെ മുഖ്യമന്ത്രി തന്നെ തുറന്നുപറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ 30 ശതമാനം വരെ വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്.

തെലങ്കാന സര്‍ക്കാര്‍ വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നല്‍കുന്നില്ല. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. ഇപ്പോള്‍ ഏപ്രില്‍ 9-നകം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ചില മേഖലകളിലെല്ലാം കഴിഞ്ഞ എട്ടുവര്‍ഷമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അടക്കം നല്‍കുന്നില്ലെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. അഞ്ച് ഗ്യാരന്റികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാരാണ് തെലങ്കാനയിലുള്ളത്.

സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ പോലും കടുത്ത ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് പോകുമ്പോഴാണ് പൊതുചെലവ് ഉയര്‍ത്തിക്കൊണ്ട് കേരളം മറ്റൊരു മാതൃക സൃഷ്ടിക്കുന്നത്. എന്നാല്‍ ഈ മാതൃകയെ ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ തെലങ്കാനയെയും ഹിമാചല്‍ പ്രദേശിനെയുമൊക്കെ കണ്ടുപഠിക്കണമെന്നാണ് ഉപദേശിക്കുന്നത്.

കേരളത്തില്‍ ക്ഷേമകാര്യങ്ങളില്‍ കുറവുവരുത്തുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ അല്ല ചെയ്യുന്നത്. അഭിമാനകരമായ നിലയില്‍ തന്നെ പൊതുചെലവ് ഉയര്‍ത്തിക്കൊണ്ട് ക്ഷേമവികസന പ്രവര്‍ത്തനങ്ങളെല്ലാം ഏറ്റെടുത്ത് മുന്നേറുകയാണ്. അത്തരത്തിലുള്ള അഞ്ചുവര്‍ഷക്കാലം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ വ്യക്തിപരമായി അങ്ങേയറ്റം സന്തോഷവും അഭിമാനവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News