റെക്കോർഡ് പ്രകടനം രേഖപ്പെടുത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ; 98.16 കോടി രൂപ അറ്റാദായം നേടി

സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) 2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ റെക്കോർഡ് പ്രകടനം രേഖപ്പെടുത്തി. 98.16 കോടി രൂപയുടെ അറ്റാദായം നേടിയ കെ.എഫ്.സി, മുൻവർഷത്തേക്കാൾ 32.56% വർദ്ധനവോടെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചു. കോർപ്പറേഷന്റെ വായ്പാ ആസ്‌തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം, നെറ്റവർത്തു 1328.83 കോടി രൂപയായി വർദ്ധിച്ചത് ശക്തമായ സാമ്പത്തിക വളർച്ചയെ അടിവരയിടുന്നു.

“സംസ്ഥാന സർക്കാർ നാള് ഇതുവരെ കെ.എഫ്.സിക്ക് 920 കോടി രൂപയുടെ മൂലധനം നിക്ഷേപിച്ചു. ഇതിൽ 500 കോടി രൂപ ഈ സർക്കാരിന്റെ കാലത്താണ് നൽകിയത്. ഇത് കാരണം എം.എസ്.എം.ഇകൾക്ക് 5% പലിശ നിരക്കിൽ വായ്പകൾ നൽകാൻ കെ.എഫ്.സിക്ക് കഴിഞ്ഞു . കെ.എഫ്.സിയുടെ വളർച്ച കേരളത്തിന്റെ വ്യാവസായിക മേഖലയിലെ വിശാലമായ പുരോഗതിയെയാണ് പ്രതിഫലിപ്പിക്കുന്നത്.” ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ALSO READ: കടലിൽ വീണത് എട്ടോളം കണ്ടെയ്‌നറുകള്‍; കേരളാ തീരത്ത് എവിടെ വേണമെങ്കിലും എത്താം; തൃശ്ശൂർ, കൊച്ചി, ആലപ്പുഴ തീരങ്ങൾ കൂടുതൽ ശ്രദ്ധിക്കണം

2024–25 സാമ്പത്തിക വർഷത്തിൽ സർക്കാർ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചത് കെ.എഫ്.സിയുടെ മൂലധന പര്യാപ്തതാ അനുപാതം (CRAR) 28.26% ആയി ഗണ്യമായി ശക്തിപ്പെടുത്താൻ സഹായിച്ചു. ഇത് എൻ.ബി.എഫ്.സികൾക്ക് റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന കുറഞ്ഞ നിരക്കായ 15% നെക്കാൾ വളരെ കൂടുതലാണ്. കൂടാതെ, മൊത്തം നിഷ്ക്രിയ ആസ്തി (Gross NPA) 2.67% ആയും (2.88% ആയിരുന്നത്) അറ്റ നിഷ്ക്രിയ ആസ്തി (Net NPA) 0.61% ആയും (0.68% ആയിരുന്നത്) കുറച്ച് കെ.എഫ്.സി ആസ്തി ഗുണമേന്മയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.

ഈ വർഷം, എം.എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റ് മേഖലകൾക്കുമായി കെ.എഫ്.സി 4002.57 കോടി രൂപയുടെ വായ്പകൾ അനുവദിച്ചു. ആകെ വായ്പാ വിതരണം 3918.40 കോടി രൂപയും ആകെ വായ്പാ തിരിച്ചടവ് 3980.76 കോടി രൂപയുമാണ്.

“കെ.എഫ്.സിയുടെ ശക്തമായ സാമ്പത്തിക പ്രകടനം, പ്രത്യേകിച്ച് 1% ൽ താഴെയുള്ള ഏറ്റവും കുറഞ്ഞ അറ്റ നിഷ്ക്രിയ ആസ്തി, കോർപ്പറേഷന്റെ വിവേകപൂർണ്ണമായ വായ്പാ നടപടികളെയാണ് സൂചിപ്പിക്കുന്നത്. ഈ റെക്കോർഡ് പ്രകടനം കേരളത്തിന്റെ വ്യാവസായിക, സംരംഭക മുന്നേറ്റത്തിന്റെ കെ.എഫ്.സി യുടെ പ്രാധാന്യം അടയാളപ്പെടുത്തുന്നു. കേരളത്തിലെ എം.എസ്.എം.ഇ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും സുസ്ഥിരമായ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനും കെ എഫ് സി പ്രതിജ്ഞാബദ്ധരായിരിക്കും.”, കെ.എഫ്.സി എം.ഡി. ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്. പറഞ്ഞു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് (CMEDP) കീഴിൽ, കെ.എഫ്.സി ഇതുവരെ 3028 എം.എസ്.എം.ഇകൾക്ക് 5% പലിശ നിരക്കിൽ 1030.89 കോടി രൂപയുടെ വായ്പകൾ നൽകി. ഇത് ഏകദേശം 81,634 പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചു. കൂടാതെ, സ്റ്റാർട്ടപ്പ് കേരള പദ്ധതിക്ക് കീഴിൽ, 72 സ്റ്റാർട്ടപ്പുകൾക്ക് 95.20 കോടി രൂപ ഈടില്ലാത്ത വായ്പകളായി നൽകി.

“ഈ വർഷം അവസാനത്തോടെ 10,000 കോടി രൂപയുടെ വായ്പാ പോർട്ട്‌ഫോളിയോ നേടാനാണ് കെ.എഫ്.സി ലക്ഷ്യമിടുന്നത്. ഈ വലിയ ലക്ഷ്യം കൈവരിക്കുന്നതിനായി, എം.എസ്.എം.ഇകൾ, ടൂറിസം വ്യവസായം, സ്റ്റാർട്ടപ്പുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിക്കാൻ കോർപ്പറേഷൻ പദ്ധതിയിടുന്നു. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനും കെ.എഫ്.സി ഈ വർഷം സമഗ്രമായ ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമാകും. ഇതിൽ ഓഫീസുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണവും ജീവനക്കാർക്ക് ഗുണനിലവാരമുള്ള പരിശീലനം നൽകുന്നതും ഉൾപ്പെടും.”ഡോ. ശ്രീറാം കൂട്ടി ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali