
കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീല്‍ സമർപ്പിച്ചു. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി സർക്കാർ പുതിയ സമവാക്യം കൊണ്ടുവന്നത് നിയമവിരുദ്ധമല്ലെന്ന് അപ്പീലിൽ പറയുന്നു. അപ്പീൽ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. കേരള എൻജിനീയറിങ് പ്രവേശന യോഗ്യത പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സിബിഎസ്ഇ വിദ്യാർത്ഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടി കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.
ALSO READ; നിപ സമ്പർക്ക പട്ടികയിലെ 74കാരിയുടെ മരണം; നിപ ബാധിച്ചല്ലെന്ന് സ്ഥിരീകരണം
റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി സർക്കാർ പുതിയ സമവാക്യം കൊണ്ടുവന്നത് നിയമവിരുദ്ധമല്ലെന്നാണ് അപ്പീലിലെ പ്രധാനവാദം.മുൻ സമവാക്യപ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ സ്റ്റേറ്റ് സിലബസ് വിദ്യാർഥികളുടെയും സിബിഎസ്ഇ സിലബസ് വിദ്യാർത്ഥികളുടെയും മാർക്കിൽ വലിയ അന്തരം പ്രകടമായിരുന്നു.തുടർന്നാണ് മാർക്ക് കുറയാത്ത രീതിയിൽ പുതിയ സമവാക്യം സർക്കാർ കൊണ്ടുവന്നത്.അതിന് സർക്കാരിന് അധികാരം ഉണ്ട്.എന്നാൽ ഈ വാദം കണക്കിലെടുക്കാതെയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവുണ്ടായതെന്ന് അപ്പീലിൽ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല പ്രവേശന നടപടികളെയും സിംഗിൾ ബെഞ്ച് ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്നും അപ്പീലിൽ പറയുന്നു.അതിനാൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അപ്പീൽ വ്യാഴാഴ്ച പരിഗണിക്കും. സിബിഎസ്ഇ സിലബസിൽ പ്ലസ് ടു വിജയിച്ച വിദ്യാർത്ഥിനി ഹനാ ഫാത്തിമ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

