
സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ജോലി സംരക്ഷണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം അഭിനന്ദനാർഹമെന്ന് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം കൈകൊണ്ട ചരിത്രപരമായ തീരുമാനം പൊതുവിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതും മുപ്പതിനായിരത്തോളം അധ്യാപകർക്ക് ആശ്വാസമാകുന്നതുമാണ്.
Also read: കരുതണം, സൂക്ഷിച്ച് ഉപയോഗിക്കണം! പാചകവാതക പ്രതിസന്ധി മറികടക്കാം; വാർ റൂം പ്രവർത്തനം ആരംഭിച്ചു
ഈ തീരുമാനത്തോടെ 2022 വരെ സർവീസിൽ പ്രവേശിച്ച എല്ലാ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും തൊഴിൽ സംരക്ഷണം ലഭ്യമാകും. കുട്ടികളുടെ കുറവ് മൂലം ജോലി നഷ്ടപ്പെടുമെന്ന് ഭയന്നിരുന്ന അധ്യാപകർക്ക് തസ്തികയിൽ തുടരാനും പൂർണ്ണ ശമ്പളം കൈപ്പറ്റാനും അവരെ എയ്ഡഡ് സ്കൂളുകളിൽ തന്നെ സംരക്ഷിക്കാനുമുള്ള തീരുമാനം അധ്യാപക സമൂഹത്തിന് തന്നെ ആത്മവിശ്വാസം പകരുന്നു.
Also read: ഇനിയും പൂട്ടിക്കാൻ ഇറങ്ങുന്നോ നുണേശാാ…? ‘നുണേശൻ 3.0’ ഇവിടെ ആരംഭിക്കുകയാണ്
പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണവും ശാക്തീകരണവും നടത്തുന്നതോടൊപ്പം അധ്യാപകരുടെ തൊഴിൽ സംരക്ഷണവും ഇടതുപക്ഷ സർക്കാരുകളുടെ നയമായിരുന്നു.1957ലെ ഇഎംഎസ് സർക്കാരിൽ തുടങ്ങിയ പൊതുവിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് വലിയ മുന്നേറ്റമാണ് നേടിയത്.1969ൽ ഇഎംഎസ് സർക്കാരിൻറെ കാലം മുതൽ തുടങ്ങിയ അധ്യാപക സംരക്ഷണ തീരുമാനങ്ങൾ നായനാർ സർക്കാരും പിണറായി സർക്കാരും കൂടുതൽ കരുത്തോടെ നടപ്പിലാക്കി.
കഴിഞ്ഞ കാലങ്ങളിൽ യുഡിഎഫ് സർക്കാരുകൾ നടപ്പിലാക്കിയ പല പരിഷ്കാരങ്ങളും തീരുമാനങ്ങളും പൊതുവിദ്യാഭ്യാസ മേഖലയെ അനാകർഷകമാക്കി തകർക്കാനും അധ്യാപകരുടെ തൊഴിലും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുന്നതിനുമാണ് ഇടയാക്കിയത്. കെ എസ് ടി എ നിരന്തരമായി നടത്തിയ ഇടപെടലുകളും വിദ്യാഭ്യാസ മന്ത്രിയുടെ പിന്തുണയും ഈ തീരുമാനത്തിന് പിന്നിൽ പങ്കുവഹിച്ചിട്ടുണ്ട്.
ഈ തീരുമാനത്തിൽ അഭിവാദ്യമർപ്പിച്ചുകൊണ്ട് തിങ്കളാഴ്ച്ച ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ആഹ്ലാദപ്രടനത്തിൽ മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനും അധ്യാപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സർക്കാർ നടത്തുന്ന ഇത്തരം നിലപാടുകൾ ഏറെ അഭിനന്ദനാർഹമാണെന്ന് കെ എസ് ടി എ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, സംസ്ഥാന പ്രസിഡൻറ് എ കെ ബീന എന്നിവർ അറിയിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

