
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയ ദേശീയ പഠനനേട്ട സര്‍വേ (National Achievement Survey – NAS)യിൽ ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് കേരളം. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിനും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അര്‍പ്പണബോധത്തിനും തെളിവാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2021ലാണ് ഇതിനു മുന്‍പ് ദേശീയ പഠനനേട്ട സര്‍വേ നടത്തിയത്. അന്ന് മൂന്ന്, അഞ്ച്, എട്ട് ക്ലാസ്സുകളിലാണ് സര്‍വേ നടത്തിയത്. 2024-ല്‍ മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി ഭാഷ, ഗണിതം, പരിസരപഠനം (വേള്‍ഡ് എറൗണ്ട് അസ്), ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ സര്‍വേ നടത്തുകയായിരുന്നു. ഇതിലാണ് കേരളം മികച്ച പ്രകടനം കാഴ്ചവെച്ചത്.
സംസ്ഥാനത്തെ 1,644 സ്‌കൂളുകളില്‍ നിന്നായി 46,737 വിദ്യാര്‍ഥികളാണ് ഈ സര്‍വേയില്‍ പങ്കെടുത്തത്. ദേശീയ തലത്തില്‍ 74,000 സ്‌കൂളുകളിലായി 21.15 ലക്ഷം കുട്ടികള്‍ പങ്കെടുത്തുവെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിൻ്റെ ഒരു പൈസ പോലും കിട്ടാത്ത സാഹചര്യത്തിലാണ് ഈ നേട്ടമെന്നും സര്‍വേ വന്നപ്പോള്‍ അവര്‍ക്ക് ഒരു കുറ്റബോധം ഉണ്ടായിക്കാണുമെന്നും മന്ത്രി പറഞ്ഞു. സര്‍വേ ഫലങ്ങള്‍ താഴെ കൊടുക്കുന്നു:
മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ പ്രകടനം
2021-ല്‍ ഭാഷയില്‍ സംസ്ഥാന ശരാശരി 70ഉം ദേശീയ ശരാശരി 62മായിരുന്നു.
എന്നാല്‍ 2024ല്‍ സംസ്ഥാന ശരാശരി 75ഉം ദേശീയ ശരാശരി 64ഉം ആണ്.
കണക്കിൽ 2021-ല്‍ സംസ്ഥാന ശരാശരി 60ഉം ദേശീയ ശരാശരി 57ഉം ആയിരുന്നു.
2024-ല്‍ സംസ്ഥാന ശരാശരി 70ഉം ദേശീയ ശരാശരി 60ഉം ആണ്.
2021-ല്‍ അഞ്ചാം ക്ലാസ്സുകാര്‍ക്കുള്ള സര്‍വേയില്‍ ഭാഷയില്‍ സംസ്ഥാന ശരാശരി 57ഉം ദേശീയ ശരാശരി 55ഉം ആയിരുന്നു.
എന്നാല്‍, 2024ല്‍ ആറാം ക്ലാസ്സുകാര്‍ക്കുള്ള സര്‍വേയില്‍ സംസ്ഥാന ശരാശരി 76ഉം ദേശീയ ശരാശരി 57ഉം ആണ്.
കണക്കില്‍ 2021-ല്‍ സംസ്ഥാന ശരാശരി 41ഉം ദേശീയ ശരാശരി 44ഉം ആയിരുന്നു.
2024-ലെ ആറാം ക്ലാസ്സുകാര്‍ക്കുള്ള സര്‍വേയില്‍ കണക്കിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരി 60ഉം ദേശീയ ശരാശരി 46ഉം ആണ്.
സയന്‍സ് വിഷയമെടുത്താല്‍ 2021ല്‍ സംസ്ഥാന ശരാശരിയും ദേശീയ ശരാശരിയും 48 ആണ്.
2024ലെ സര്‍വേ പ്രകാരം സയന്‍സില്‍ സംസ്ഥാന ശരാശരി 66ഉം ദേശീയ ശരാശരി 49ഉം ആണ്.
2021-ല്‍ എട്ടാം ക്ലാസ്സുകാര്‍ക്കുള്ള സര്‍വേയില്‍ ഭാഷയ്ക്ക് സംസ്ഥാന ശരാശരി 57ഉം ദേശീയ ശരാശരി 53ഉം ആയിരുന്നു.
എന്നാല്‍ 2024ലെ ഒമ്പതാം ക്ലാസ്സുകാര്‍ക്കുള്ള ഭാഷാ സര്‍വേയില്‍ സംസ്ഥാന ശരാശരി 74ഉം ദേശീയ ശരാശരി 54ഉം ആണ്.
കണക്കിന്റെ കാര്യമെടുത്താല്‍ 2021-ല്‍ സംസ്ഥാന ശരാശരി 31ഉം ദേശീയ ശരാശരി 36ഉം ആയിരുന്നു.
എന്നാല്‍ 2024-ല്‍ കണക്കിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരി 45ഉം ദേശീയ ശരാശരി 37ഉം ആണ്.
സയന്‍സിന്റെ കാര്യത്തില്‍ 2021-ല്‍ സംസ്ഥാന ശരാശരി 41ഉം ദേശീയ ശരാശരി 39ഉം ആയിരുന്നു.
എന്നാല്‍ 2024-ല്‍ സയന്‍സിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരി 53ഉം ദേശീയ ശരാശരി 40ഉം ആണ്.
2021-ല്‍ സോഷ്യല്‍ സയന്‍സില്‍ സംസ്ഥാന ശരാശരി 37ഉം ദേശീയ ശരാശരി 39ഉം ആയിരുന്നു.
എന്നാല്‍ 2024ല്‍ സോഷ്യല്‍ സയന്‍സിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരി 51ഉം ദേശീയ ശരാശരി 40ഉം ആണ്.
പൊതുവിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ദേശീയ പഠനനേട്ട സര്‍വേ ഫലങ്ങള്‍. ഭൗതിക സൗകര്യ വികസനത്തോടൊപ്പം അക്കാദമിക രംഗത്തും വന്ന മാറ്റങ്ങള്‍ ഈ സര്‍വേ ഫലങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. മൂന്നാം ക്ലാസ്സിലും ആറാം ക്ലാസ്സിലും എല്ലാ വിഷയങ്ങളിലും വലിയ കുതിപ്പ് പ്രകടമാണ്. ദേശീയ ശരാശരിയില്‍ ചെറിയ മുന്നേറ്റമുണ്ടാകുമ്പോഴാണ് കേരളത്തിലെ കുട്ടികള്‍ ഏറ്റവും മികച്ച നിലയില്‍ പ്രതികരിച്ചത്. ഈ കുതിപ്പ് ഒമ്പതാം ക്ലാസ്സിലും പ്രകടമാണ്.
ഈ സര്‍ക്കാരിന്റെ കാലത്ത് ഗുണമേന്മാ വിദ്യാഭ്യാസത്തിനായി നടത്തിയ വ്യത്യസ്തങ്ങളായ പരിശ്രമങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ ചലനങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ദേശീയ പഠനനേട്ട സര്‍വേ വ്യക്തമാക്കുന്നു. അധ്യാപക പരിശീലനങ്ങള്‍, പാഠ്യപദ്ധതി രൂപീകരണത്തിനായി നടത്തിയ ജനകീയ ചര്‍ച്ചകള്‍, വിദ്യാര്‍ഥികള്‍ക്ക് കൂടി നല്‍കിയ പങ്കാളിത്തം, അധ്യാപകരെ സജ്ജമാക്കാന്‍ പരിശീലനങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍, പരിശീലനങ്ങളിലും ക്ലസ്റ്റര്‍ പരിശീലനങ്ങളിലും എല്ലാ അധ്യാപകരെയും പങ്കെടുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, മൂല്യനിര്‍ണയ രംഗത്ത് വരുത്തിയ മാറ്റങ്ങള്‍, പഠനപിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് നിരന്തരം പിന്തുണ നല്‍കിയത്,ഭരണ നിര്‍വഹണ രംഗത്ത് വരുത്തിയ മാറ്റങ്ങള്‍ അധ്യാപകരെ കൃത്യസമയത്ത് നിയമിച്ചത് ഇവയുടെയെല്ലാം ഫലമായാണ് ഇത്തരം നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞത്. ഈ മികച്ച പ്രകടനം, നമ്മുടെ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യത്തെയും നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ വിജയത്തെയും അടിവരയിടുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here