
കേരളത്തിന്റെ ആരോഗ്യമേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ മാറ്റങ്ങൾ സമാനതകളില്ലാത്തതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ മറ്റൊരു ജനറൽ ആശുപത്രിയിലും നടക്കാത്ത രീതിയിലുള്ള മികച്ച ചികിത്സാ സൗകര്യങ്ങളാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു മാസത്തിനിടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രം അഞ്ച് കോർണിയ ട്രാൻസ്‌പ്ലാന്റേഷനുകൾ വിജയകരമായി നടന്നു. സാധാരണക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അവയവ മാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെ ഇപ്പോൾ ജനറൽ ആശുപത്രികളിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
പുതിയ ഉപകരണങ്ങൾ ലഭ്യമാക്കി സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്, കരൾ മാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവ ഇപ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിജയകരമായി നടക്കുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും കാത്ത്‌ലാബ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.
സാമ്പത്തിക സഹായവും ഇൻഷുറൻസും ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയിലൂടെ 42.5 ലക്ഷം പേർക്ക് നിലവിൽ സഹായം ലഭിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ആരോഗ്യ സംവിധാനങ്ങളെ തകർക്കാനും ആക്രമിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, ജനങ്ങളെ ചേർത്തുപിടിച്ച് സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

