
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച വിഷയത്തിൽ സെൻസർ ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു . ജാനകി എന്ന പേരിന് മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടെന്നായിരുന്നു സെൻസർ ബോർഡിൻറെ വാദം.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നായകനായ സിനിമ ജെ എസ് കെ ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെ നിർമ്മാതാക്കൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് നഗരേഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് പരിഗണിച്ചത്. സിനിമയിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റാൻ നിർദ്ദേശം നൽകിയതായി സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി കടുത്ത വിമർശനം ഉന്നയിച്ചത്.
ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു. ജാനകി എന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണ്. നേരത്തെയും സമാന പേരുകളിൽ സിനിമകൾ ഇറങ്ങിയിട്ടുണ്ടല്ലോ എന്നും, അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നും കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
ജാനകി എന്ന പേരിന് മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടെന്നും അത് മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും കേന്ദ്രസർക്കാർ വാദിച്ചു. സിനിമകൾക്ക് എന്ത് പേര് നൽകിയാൽ എന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രായപൂർത്തിയായവർക്ക് മാത്രം കാണാവുന്ന ഉള്ളടക്കം സിനിമയിൽ ഉണ്ട് എന്നായി സെൻസർ ബോർഡിന്റെ പുതിയ വാദം. തുടർന്നാണ് തീരുമാനം രേഖാ മൂലം തിങ്കളാഴ്ചയ്ക്കകം അറിയിക്കാൻ സെൻസർ ബോർഡിനോട് കോടതി നിർദേശിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here