
മലപ്പുറം: കാടാമ്പുഴയിൽ ഒരു വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം കുഞ്ഞിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടക്കുക. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിനു കാടാമ്പുഴ പൊലീസ് കേസെടുത്തു. പാങ്ങ് ചേണ്ടി കൊട്ടേക്കാരൻ നവാസിന്റെയും ഹിറ ഹറീരയുടെയും മകൻ ഇസൻ ഇർഹാനാണ് മരണപ്പെട്ടത്. കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ചിരുന്നില്ലെന്നു പ്രതിരോധ കുത്തിവയ്പുകളും എടുത്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പ്രദേശവാസികളുടെ പരാതിയെത്തുടർന്നാണു കേസെടുത്തത്. കുട്ടിക്കു മഞ്ഞപ്പിത്ത ലക്ഷണങ്ങളുണ്ടായിരുന്നതായി മാതാവ് സമ്മതിച്ചിട്ടുണ്ട്. പാൽകുടിക്കുന്നതിനിടെ കുഞ്ഞിന് അസ്വസ്ഥതയുണ്ടായെന്നും ഡോക്ടറെ വിളിച്ചുവരുത്തിയപ്പോൾ മരിച്ചതായി അറിഞ്ഞെന്നുമാണു രക്ഷിതാക്കളുടെ മൊഴി.
വീട്ടിൽവച്ചായിരുന്നു കുഞ്ഞിനെ ഹീറ പ്രസവിച്ചത്. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന രീതിയിലും ആധുനിക ചികിത്സാരീതികളെ വിമർശിച്ചും ഒട്ടേറെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവച്ചിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ചതാണോ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാണോ കുഞ്ഞു മരിച്ചതെന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മനസിലാകുകയുള്ളൂ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here