
കേരള സംസ്ഥാനത്തിന്റെ പൊതു കടത്തെ പറ്റി കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ പ്രസ്താവനകൾ വാസ്തവവിരുദ്ധവും തെറ്റിദ്ധാരണജനകവുമാണെന്നു തുറന്നു കാട്ടി കണക്കുകൾ. പറവൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കവേയാണ് തിരുവനന്തപുരത്ത് നിന്നുമുള്ള ലോക്സഭ പ്രതിനിധിയായ അദ്ദേഹം വിവാദപ്രസ്താവന നടത്തിയത്.
കേരള മോഡൽ വികസനം ഇപ്പോൾ “കടമോഡലായി” മാറിയെന്നാരോപിച്ച തരൂർ രാജ്യത്ത് തന്നെ കടബാധ്യതയിൽ കേരളം രണ്ടാം സ്ഥാനത്താണെന്നാണ് പറഞ്ഞത്. എന്നാൽ ഈ കണക്കുകൾ അസത്യമാണെന്നു തെളിയിക്കുന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ സാമ്പത്തികവർഷത്തെ സംസ്ഥാന ധനകാര്യ റിപ്പോർട്ടിലെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് പൊതു കടത്തിന്റെ കാര്യത്തിൽ പത്താമതാണ് കേരളത്തിന്റെ സ്ഥാനം. തമിഴ്‌നാടും മഹാരാഷ്ട്രയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉള്ളത്.
ഇനി സംസ്ഥാന ജിഡിപിക്കു ആനുപാതികമായി ഉള്ള കടത്തിന്റെ വ്യാപ്തി അഥവാ ഡെബ്റ് ടു ജിഡിപി റേഷിയോ നോക്കിയാലും കേരളം ആദ്യ പത്തിൽ പോലും ഇടം പിടിക്കില്ല. ഈ മാനദണ്ഡം വച്ച് നോക്കിയാലും, പൊതുകടം ജിഡിപിയുടെ 35.5 ശതമാനമായ, കേരളം രാജ്യത്ത് പതിനൊന്നാം സ്ഥാനത്താണ്. അരുണാചൽ പ്രദേശും നാഗാലാൻഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളത്. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുള്ള മുൻതൂക്കം മനസ്സിലാക്കി വിറളിപിടിച്ച വലതുപക്ഷ നേതാക്കളുടെ വ്യാജപ്രചാരണങ്ങളുടെ മറ്റൊരു തെളിവാണ് തരൂരിന്റെ പ്രസ്താവന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

