സീറ്റ് കവറിനും അനുമതി? പൂക്കി ചിരി ചിരിച്ച് മുഖ്യമന്ത്രി യുവാക്കളെ പറ്റിച്ചു !

Kerala MVD Approves 18 Vehicle Modification Rules

ഇന്ന് വലിയൊരു ആഘോഷ ദിവസം തന്നെയാണ്. നമ്മുടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വാഗ്ദാനം പാലിച്ച്, കേരളത്തിലെ വാഹനപ്രേമികൾക്കും യുവാക്കൾക്കും വേണ്ടി ഇതാ ആ 18 തരം മാറ്റങ്ങൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നു. നമ്മളൊക്കെ കരുതിയത് വണ്ടി ഇനി ‘ട്രാൻസ്ഫോർമർ’ പോലെ മാറ്റാമെന്നാണ്. പക്ഷേ സതീശേട്ടൻ തന്നത് അതിലും വലിയ ഒന്നാണ്.

എം.വി.ഡി. നിർദേശിച്ചിട്ടുള്ള ആ 18 ഇനങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും. ഈ പറയുന്നതൊക്കെ കേട്ടാൽ ഇതൊന്നും ചെയ്യാൻ നമുക്ക് പണ്ടേ അനുമതി വേണമായിരുന്നു എന്നു തോന്നും. എന്തായാലും ഇനി ആ വിപ്ലവകരമായ മാറ്റങ്ങൾ എന്തൊക്കെ ആണെന്ന് നോക്കിയാലോ ?

ALSO READ: ഇനി ബൈക്കിൽ ടാങ്ക് ബാഗും ലേഡീസ് ഹാൻഡിലും ക്രാഷ് ഗാർഡുമൊക്കെ ‘മോഡിഫിക്കേഷൻ’ നടത്തിയത് നിയമ വിരുദ്ധമാണോ ആവോ?

സീറ്റ് കവർ മാറ്റാം – പറയുന്നത് കേട്ടാൽ ഇതുവരെ നമ്മൾ ചാക്കിലാണല്ലോ ഇരുന്നിരുന്നത് എന്ന് തോന്നുമല്ലോ ..! അത് പോട്ടെ, സ്റ്റിയറിംഗ് വീൽ കവർ വെക്കാം, എയർ മാറ്റ് വെക്കാം, ഡാഷ് ക്യാമറയും റിവേഴ്സ് ക്യാമറയും വെക്കാം. ഇത് കൂടാതെ മഡ് ഫ്ലാപ്പ്, ഡോർ വൈസർ, ജിപിഎസ് ട്രാക്കർ, ഇന്റീരിയർ ലൈറ്റിംഗ്, ബോഡി സ്റ്റിക്കറുകൾ, പാർക്കിംഗ് സെൻസർ, റിവേഴ്സ് ക്യാമറ.. ഹോ! എന്ത് വലിയ അനുവാദം! ഇതുവരെ ഇതൊക്കെ ചെയ്യാൻ നമ്മൾ പേടിച്ചിരിക്കുവായിരുന്നല്ലോ..

ഈ വക സാധനങ്ങളൊക്കെ പണ്ടുമുതലേ പച്ചക്കറി കടയിൽ പോലും കിട്ടുന്നതാണെന്നും ഇതൊന്നും ചെയ്യാൻ ആരുടെയും അനുമതി വേണ്ടായിരുന്നു എന്നും മുഖ്യമന്ത്രിയ്ക്ക് അറിയില്ലായിരുന്നോ ? യുവാക്കളെ ഇങ്ങനെ ‘വഞ്ചിക്കാൻ’ മുഖ്യമന്ത്രിയ്ക്ക് എങ്ങനെ മനസ്സ് വന്നു?

ഇനി അടുത്ത വിപ്ലവം! ആർ.സി. ബുക്കിൽ മാറ്റം വരുത്തി ചെയ്യാവുന്ന കാര്യങ്ങൾ. നിറം മാറ്റാം, എൻജിൻ മാറ്റം, എൽ.പി.ജി / സി.എൻ.ജി കിറ്റ് വെക്കാം. ഭിന്നശേഷി സൗഹൃദ വാഹനമാക്കാം. ഇതൊക്കെ പണ്ടും ആർ.ടി. ഓഫീസിൽ അപേക്ഷിച്ച്, ഫീസ് അടച്ച് ചെയ്യാവുന്ന കാര്യങ്ങളായിരുന്നു. പുതിയതായി എന്തോ തന്നു എന്ന് വരുത്തിത്തീർക്കാൻ സതീശൻ നടത്തിയ ഈ വെറും വാക്ക് കണ്ട് സത്യത്തിൽ ഞെട്ടിയിരിക്കുകയാണ്.

വാഹനത്തിന്റെ ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് പറയുന്ന സെക്ഷൻ 52-നെ കുറിച്ച് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിൽ ഒരക്ഷരം മിണ്ടിയിട്ടില്ല. എന്തിന് പറയുന്നു, വാഹനത്തിന്റെ സ്ട്രക്ചർ മാറ്റാൻ സംസ്ഥാന സർക്കാരിന് ഒരു അധികാരവുമില്ല എന്നതാണ് സത്യം. വാഹനങ്ങളുടെ എൻജിനിലും ഘടനയിലും മാറ്റം വരുത്തുന്നത് കേന്ദ്ര നിയമമായ മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ചാണ്. പാർലമെന്റ് പാസാക്കിയ നിയമത്തിൽ തൊടാൻ സതീശേട്ടനല്ല, ഒരു സംസ്ഥാന സർക്കാരിനും കഴിയില്ല. സുരക്ഷാ കാരണങ്ങളാൽ ഇത്തരം മാറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെയാണ് “കൂടുതൽ മോഡിഫിക്കേഷൻ അനുവദിക്കും” എന്ന് പറഞ്ഞ് യുവാക്കളെ സതീശൻ പറ്റിച്ചത്.

ചുരുക്കത്തിൽ പറഞ്ഞാൽ, പൂക്കി ചിരി കണ്ട് വണ്ടി അടിപൊളിയാക്കാൻ നോക്കിയ നമ്മൾ ശരിക്കും വഞ്ചിക്കപ്പെട്ടു. സീറ്റ് കവർ ഇടാൻ സത്യത്തിൽ ഒരു മുഖ്യമന്ത്രിയുടെയും അനുവാദം വേണ്ട. യുവാക്കളെ ഇങ്ങനെ വ്യാജവാഗ്ദാനം നൽകി പറ്റിക്കുന്നത് അത്ര നല്ലതല്ല കേട്ടോ. ഇനി വണ്ടിക്കകത്ത് ഒരു എയർ ഫ്രഷ്നർ കൂടി വെക്കാൻ മുഖ്യമന്ത്രിയുടെ അനുമതി ഉണ്ടോ എന്ന് കൂടി നോക്കി വെച്ചേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News