‘കരയേണ്ട മക്കളേ ഞങ്ങളില്ലേ ‘,പരീക്ഷക്കാലത്ത് തുണയായി പോലീസ് മാമന്മാർ

വീണ്ടുമൊരു പരീക്ഷാക്കാലമെത്തിയിരിക്കുകയാണ്.പരീക്ഷയെക്കുറിച്ചും , വിദ്യാർത്ഥികളുടെ അനുഭവങ്ങളെക്കുറിച്ചുമെല്ലാമുള്ള നിരവധി കഥകളാണ് ദിവസവും വിവിധ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഇവയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാർത്ഥികളെ പരീക്ഷയ്ക്കെത്താൻ സഹായിച്ച പോലീസുകാരാണ് താരമാവുന്നത് . അച്ഛൻ തെറ്റായ പരീക്ഷാകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കിയ പെൺകുട്ടിയെ തക്ക സമയത്ത് ഇടപെട്ട് ,പൊലീസ് ജീപ്പിൽ ശരിയായ കേന്ദ്രത്തിലെത്തിച്ച അനുഭവം നമ്മൾ കേട്ടതാണ്.
ഇക്കഴിഞ്ഞ ദിവസമാണ് കാസർഗോഡും സമാന സംഭവം നടന്നത്.താമസിച്ചിരുന്ന സ്ഥലത്ത് ഹാൾ ടിക്കറ്റ് മറന്നു വച്ച കുട്ടികൾ പരീക്ഷ ഹാളിലെത്തിയിട്ടേ സംഭവം മനസിലാക്കിയുള്ളൂ ,ഇവർക്ക് ഹാൾ ടിക്കറ്റെത്തിക്കാനായി 12 കിലോമീറ്ററാണ് രണ്ടു പൊലീസുകാർ ബുള്ളറ്റിൽ പറന്നത് . ഇരു സംഭവങ്ങളും വാർത്തയായതോടെ പോലീസുകാരും താരങ്ങളായി.കേരളത്തിന്റെ എല്ലായിടത്തു നിന്നും ഇവർക്ക് അഭിനന്ദന പ്രവാഹമെത്തി.

ഈയവസരത്തിൽ മറ്റൊരു പരീക്ഷാക്കഥ കൂടി പങ്കു വച്ചിരിക്കുകയാണ് കേരളാ പൊലീസ് .തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇവർ ഈ അനുഭവം പുറത്തുവിട്ടത്. കയറിയ ബസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷക്ക് എതാൻ വൈകുമെന്നായപ്പോൾ മൂന്ന് പെൺകുട്ടികൾ സമീപിച്ചത് പൊലീസിനെ.കരഞ്ഞു കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തിയ മൂവരെയും ജീപ്പിൽ കയറ്റി സ്കൂളിലെത്തിച്ച പൊലീസുകാർ ,അധ്യാപകരെ കണ്ട് വിവരമറിയിക്കുകയും മൂന്നു പേരും പരീക്ഷയെഴുതി എന്നുറപ്പാക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത് .

കേരളാ പൊലീസ് പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷ മുടങ്ങുമെന്നായപ്പോൾ ആ മൂന്നു പെൺകുട്ടികൾ കരഞ്ഞുകൊണ്ട് ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. ഒരു നിമിഷം പോലും വൈകാതെ മൂവരെയും ജീപ്പിലിരുത്തി പൊലീസുകാർ പരീക്ഷാ ഹാളിലെത്തിച്ചു. വണ്ടിത്താവളം കെകെഎം ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം പ്ലസ് വൺ വിദ്യാർഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണു കൊല്ലങ്കോട് പൊലീസ് സമയത്തു സ്കൂളിലെത്തിച്ചത്.
കൊല്ലങ്കോട്ടുനിന്നു വടവന്നൂർ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലാണു കുട്ടികൾ കയറിയത്. ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ആലമ്പള്ളം ചപ്പാത്തിലായിരുന്നു ഗതാഗതതടസ്സം. ഗുഡ്സ് ഓട്ടോ കേടുവന്നു ചപ്പാത്തിൽ കുരുങ്ങിയതായിരുന്നു പ്രശ്നം. കൃത്യസമയത്തു സ്കൂളിൽ എത്തിക്കാൻ കഴിയില്ലെന്നു ബസുകാർ അറിയിച്ചതോടെ പല വാഹനങ്ങൾക്കും കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ല. ടാക്സി വാഹനങ്ങളിൽ പോകാൻ പണമില്ലായിരുന്നു. ഇതോടെയാണു കുട്ടികൾ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടികളെ സമയത്ത് എത്തിക്കാമെന്നു പൊലീസ് തന്നെ സ്കൂളിൽ അറിയിച്ചു.
ഉടനെ തന്നെ പൊലീസ് വാഹനത്തിൽ മൂവരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളിൽ കൃത്യസമയത്ത് എത്തിച്ചു. അധ്യാപകരെ കണ്ടു വിവരമറിയിച്ചു കുട്ടികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണു പൊലീസ് മടങ്ങിയത്.

കേരളാ പൊലീസിനെ അഭിനന്ദിച്ചും നന്ദി അറിയിച്ചും നിരവധി പേരാണ് കമന്റ് ബോക്സിലെത്തുന്നത്.ഫേസ്ബുക്കിൽ മാത്രമല്ല മറ്റു സാമൂഹിക മാധ്യമങ്ങളിലും ഇതിനകം തന്നെ പോസ്റ്റ് വൈറലായിക്കഴിഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News