പേട്ടയില്‍ കുട്ടിയെ കാണാതായ സംഭവം; മേരിയെ കണ്ടെത്തിയ ബ്രഹ്‌മോസിന് സമീപം പൊലീസ് പരിശോധന

പേട്ടയില്‍ കുട്ടിയെ കാണാതായ സംഭവത്തില്‍ രണ്ടരവയസ്സുകാരി മേരിയെ കണ്ടെത്തിയ ബ്രഹ്‌മോസിന് പുറകില്‍ പൊലീസ് പരിശോധന. ഓടയും പരിസരവും പേട്ട പൊലീസ് പരിശോധിക്കുന്നു. സംഭവത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ തേടുകയാണ് പൊലീസ്. ബ്രഹ്‌മോസിന് സമീപത്തുള്ള ദൃശ്യങ്ങളാണ് ശേഖരിക്കുന്നത്. ഇതിലൂടെ പ്രതികളെക്കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പൊലീസ് നിഗമനം.

സംഭവത്തില്‍ കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ശിശുക്ഷേമ സമിതിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തുക. കേസില്‍ നിര്‍ണായകമാവുക കുട്ടിയുടെ മൊഴിയായിരിക്കും

അതേസമയം മേരിക്ക് രാവിലെ മുതല്‍ ഭക്ഷണവും വെള്ളവും ലഭിച്ചിട്ടില്ലെന്ന് സംശയമുണ്ട്. വൈകിട്ട് എസ്എടി ആശുപത്രിയില്‍ വച്ച് കുട്ടിക്ക് ഭക്ഷണവും വെള്ളവും കൊടുത്തെങ്കിലും കുഞ്ഞ് ഛര്‍ദ്ദിച്ചു. കുഞ്ഞിന് ഡ്രിപ് ഇട്ടു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Also Read : യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് തലസ്ഥാനത്ത്

നിര്‍ജ്ജലീകരണം കുട്ടിക്ക് ഉണ്ടായിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും കുട്ടിയുടെ മാനസിക ആരോഗ്യവും വീണ്ടെടുക്കേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പീഡിയാട്രിക് ഗൈനക്കോളജി, പീഡിയാട്രിക് മെഡിസിന്‍, പീഡിയാട്രിക് സര്‍ജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധര്‍ കുഞ്ഞിനെ പരിശോധിച്ചു.

ബീഹാര്‍ സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് തട്ടികൊണ്ടുപോയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2 മണിയോടെയാണ് റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here