
മഴക്കാലത്ത് വാഹനങ്ങള്‍ ഓടിക്കുന്നവർക്ക് സുരക്ഷിത യാത്രക്കായി മുന്നറിയിപ്പുമായി കേരളപൊലീസ്. ഈ സമയത്ത് വാഹനങ്ങള്‍ റോഡില് തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ അല്പമൊന്നു ശ്രദ്ധിച്ചാല് പല അപകടങ്ങളും ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. നിരവധി നിർദേശങ്ങളും പങ്കുവെച്ചിട്ടുണ്ട്.
കേരള പൊലീസിന്റെ സോഷ്യൽമീഡിയ പോസ്റ്റ്
മഴക്കാലത്ത് വാഹനങ്ങള് റോഡില് തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല് പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന് സാധിക്കും.
മഴക്കാലത്ത് വാഹനമോടിക്കുമ്പോള് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമെന്നു നോക്കാം.
റോഡില് വാഹനങ്ങള് പുറംതള്ളുന്ന എണ്ണത്തുള്ളികള് മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കൽ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്‌സിലറേറ്ററിൽ നിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിങിന് ഉത്തമം.
വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള് ലോ ബീമിൽ കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയില് റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയില് നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്‌ലൈറ്റ് സഹായിക്കും. വാഹനത്തില് ഫോഗ് ലൈറ്റ് ഉണ്ടങ്കില് അത് ഉപയോഗിക്കുന്നതാണ് നല്ലത്.
മഴക്കാലത്തിനു മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നത് നല്ലതാണ്. പണം ലാഭിക്കാന് തേഞ്ഞ ടയര് പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാകും. തേയ്മാനം കൂടുമ്പോൾ ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. അലൈൻമെന്റും വീല് ബാലൻസിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമർദ്ദം നിശ്ചിത അളവില് നിലനിർത്തുകയും വേണം.
ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റര്, വൈപ്പര്, ഹാൻഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം.
മഴ അതിശക്തമാണെങ്കില് വാഹനം റോഡരികില് നിർത്തിയിട്ട് അല്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം.
ശുഭയാത്ര; സുരക്ഷിതയാത്ര

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

