
തിരുവനന്തപുരം വട്ടിയൂർക്കാവിൽ നെട്ടയം മേഖലയിൽ ബിജെപിക്കാർ നടത്തിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ സംസ്ഥാന പോലീസ് മേധാവി ടി പി സെൻകുമാറിനെയും മുൻ ഡിജിപി ആർ ശ്രീലേഖയെയും പരോക്ഷമായി വിമർശിച്ച്, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു. ചിലർ മുൻ പോലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ലെന്നാണ് വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം ഇട്ട ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. “ഇത്തരത്തിൽ പരിണമിച്ചവർ മുൻ പോലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ല എന്ന് കണ്ട് അവഗണിക്കുകയാണ് വേണ്ടത്,” എന്നാണ് അദ്ദേഹം കുറിച്ചത്.
തിരുവനന്തപുരം നെട്ടയം മലമുകളിൽ ബിജെപി പ്രവർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. തർക്കം പരിഹരിക്കപ്പെടാതെ നീണ്ടുപോവുകയും രാത്രിയോടെ അത് കൂടുതൽ രൂക്ഷമാവുകയും ചെയ്തു. തുടർന്ന് സംഘർഷം നിയന്ത്രിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ ആക്രമിക്കുകയും കല്ലും മറ്റ് വസ്തുക്കളും ഉപയോഗിച്ച് എറിയുകയും ചെയ്തതോടെ കാര്യങ്ങൾ വഷളാക്കി.
സി.ആര്‍. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ടവരേ
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന ചർച്ച വട്ടിയൂർക്കാവിൽ ഉണ്ടായ സംഘർഷവും അതേ തുടർന്നുണ്ടായ പോലീസ് നടപടികളുമാണ്.
നമ്മുടെ നാടിൻ്റെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിൽ അക്ഷീണം പ്രവർത്തിക്കുന്ന വിഭാഗമാണ് പോലീസ്. കേരളത്തിലെ പോലീസ് ഈ രംഗത്ത് നിറവേറ്റുന്ന ദൗത്യം മുൻവിധികളില്ലാതെ പരിശോധിച്ചാൽ ഏറെ മികവുറ്റതുമാണ്. ഒരു നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുണ്ടായ സംഘർഷ സാഹചര്യത്തെ നിയന്ത്രിക്കുവാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ മൃഗീയമായി മർദ്ദിക്കുകയും കല്ലും വിറകും ഉപയോഗിച്ച് എറിയുകയും പോലീസ് ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേൽക്കുയും ചെയ്യുന്ന സാഹചര്യമാണ് വട്ടിയൂർക്കാവിൽ കണ്ടത്. മാരകമായ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും ICU വിൽ ചികിത്സയിലാണ്. ഈ സംഭവത്തിൽ ഒന്നിലേറെ കേസുകൾ ഉണ്ടായിട്ടുണ്ട്. അതിൽ വ്യത്യസ്ഥ രാഷ്‌ട്രീയ പാർട്ടികളിലെ വ്യക്തികൾ പ്രതികളും ആയിട്ടുണ്ട്. അവരിൽ പലരേയും പോലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് കേസ് എടുക്കുകയും പ്രതികളെ അറസ്‌റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യുന്നത് നിയമപരമായ നടപടികളാണ്. അതിലെ ശരി തെറ്റുകൾ കോടതി വിലയിരുത്തട്ടെ, തീരുമാനം എടുക്കട്ടെ.
വട്ടിയൂർക്കാവ് സംഭവത്തിന് ശേഷം ഒരു വിഭാഗം നടത്തി വരുന്ന ചില പ്രവർത്തികൾ സംസ്‌ക്കാര ശൂന്യമാണ് എന്ന് പറയേണ്ടി വരുന്നതിൽ ഖേദിക്കുന്നു. ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ ഏർപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ അസഭ്യ വർഷം നടത്തുന്ന രീതി ഓരോരുത്തരുടേയും സംസ്‌കാരത്തിൻ്റെ ഭാഗമാണ് എന്ന് കാണാം. എന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ വാസസ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തുക, അവരുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവർത്തികൾ നടത്തുന്നവരോട് ഒന്നേ പറയാനുള്ളു. അത്തരം ഓലപ്പാമ്പ് കാണിച്ചൊന്നും തകർക്കാൻ പറ്റുന്നതല്ല കേരള പോലീസിൻ്റെ പ്രവർത്തനങ്ങൾ. അത്തരക്കാരുടെ കൂട്ടത്തിൽ ഊർജം പകരാൻ വിരമിച്ച ചില പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ഇല്ല എന്നും തിരിച്ചറിയുക. പോലീസ് നടപടികൾക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ആർക്കും പ്രതികരിക്കാം. ആർക്കും പ്രതിഷേധിക്കാം. നിയമപരമായ എന്ത് നടപടിയും സ്വീകരിക്കാം. പകരം ഗുണ്ടായിസവുമായാണ് കടന്നു വരുന്നതെങ്കിൽ തിരിച്ച് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യും.
നമ്മുടെ നാടിൻ്റെ സുരക്ഷയ്ക്കും സൗഹാർദ്ദത്തിനും ഒരു കോട്ടവും തട്ടാതെ കാത്തു സൂക്ഷിക്കാൻ കേരള പോലീസ് മുൻനിരയിൽ തന്നെയുണ്ടാകും. അത്തരത്തിൽ നിയമാനുസരണം ജോലി ചെയ്യുന്നവർക്ക് നിയമപരമായ സംരക്ഷണം പോലീസ് വകുപ്പ് ഒരുക്കുക തന്നെ ചെയ്യും. ശരിയ്‌ക്കൊപ്പം പോലീസ് സംഘടനയും ഉണ്ടാകും.
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ഒരാൾ പോലീസ് ജോലിയിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ അയാൾ ഒരു സ്വതന്ത്ര പൗരൻ തന്നെയാണ്. അത് ഒരു സാധാരണ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന ആളായാലും DGP ആയിരുന്ന ആളായാലും. വിരമിച്ച നാൽപ്പതിതായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ ഇന്ന് കേരളത്തിൽ ഉണ്ട്. അവരിൽ പലരും പല ജോലികൾ ചെയ്ത് ജീവിക്കുന്നുണ്ട്. ഒട്ടേറെ പേർ വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ചിലരെങ്കിലും ജനപ്രതിനിധികളുമാണ്. അന്തസായി വിവിധ സമൂഹ്യ – സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി നിന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മുൻകാല പോലീസ് ഉദ്യോഗസ്ഥരെ ഏറെ അഭിമാനത്തോടെയാണ് ഞങ്ങൾ നോക്കി കാണുന്നത്. എവിടെയും എന്ന പോലെ വ്യത്യസ്ഥരായ ചിലർ ഇവിടെയും ഉണ്ടാകുക സ്വാഭാവികമാണ്. അങ്ങനെ രണ്ട് പ്രതികരണങ്ങൾ ഇതിനിടയിലും കാണാനായി. “പോടാ പുല്ലേ പോലീസേ “ എന്നാണ് ഒരാളുടെ വിളിയെങ്കിൽ “പോലീസ് സ്റ്റേഷൻ അടിച്ചു തകർക്കും “ എന്നാണ് അടുത്തയാൾ കയ്യടി വാങ്ങാനായി പറഞ്ഞത്. ഇതൊന്നും പോലീസ് ഉദ്യോഗസ്ഥർ കാര്യമായി കണേണ്ടതില്ല. മനുഷ്യരിൽ പല തരം പരിണാമങ്ങൾ സ്വാഭാവികമാണ്. ഇത്തരത്തിൽ പരിണമിച്ചവർ മുൻ പോലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ല എന്ന് കണ്ട് അവഗണിക്കുകയാണ് വേണ്ടത്.
നാടിൻ്റെ സുരക്ഷയും സംരക്ഷണവുമാകണം പോലീസിൻ്റെ ലക്ഷ്യം. ഓരോ പ്രവർത്തിയും നിയമപരമാകണം. ആക്രമണങ്ങൾ നടത്തിയും അധിക്ഷേപിച്ചും ഭീഷണിയായും ചിലർ പോലീസിന് നേരേ ഇനിയും വന്നേക്കാം. അത്തരം പ്രവർത്തികളെ വൈകാരികമായി കാണാതെ വിവേകത്തോടെ മുന്നോട്ട് പോകാൻ ഓരോ പോലീസ് ഉദ്യോഗസ്ഥനും കഴിയണം. ഒപ്പം ഇത്തരം ആക്രമണങ്ങൾക്കെതിരെ നിയമപരമായ നടപടിയാകണം പോലീസ് സ്വീകരിക്കേണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

