
സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് കാരണം എൽനിനോ പ്രതിഭാസവും മഴക്കുറവുമെന്ന സർക്കാർ വാദം തെറ്റെന്ന് കണക്കുകൾ. മുൻ സർക്കാരിന്റെ കാലത്ത് ഇതിലേറെ പ്രതിസന്ധി നേരിട്ടപ്പോഴും വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ല. ഈ വർഷം ഏപ്രിലിലെ 6000 മെഗാവാട്ട് റെക്കോർഡ് വൈദ്യുതി ഡിമാൻഡ് വന്നപ്പോഴും എൽഡിഎഫ് സർക്കാർ പവർകട്ട് ഏർപ്പെടുത്തിയിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതേസമയം വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കുന്നത്.
സംസ്ഥാനം മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വൈദ്യുതി പ്രതിസന്ധി നേരിടുമ്പോൾ മഴയെയും എൽനിനോ പ്രതിഭാസത്തെയുമെല്ലാം കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് വൈദ്യുതിവകുപ്പിന്റെ നീക്കം. മഴ കുറഞ്ഞതും വൈദ്യുതി ഉപഭോഗം കൂടിയതും ആണ് നിലവിലെ പവർകട്ടിന് കാരണമെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. എന്നാൽ ഇതിനേക്കാൾ വലിയ പ്രതിസന്ധി ഉണ്ടായിട്ടും കഴിഞ്ഞ 10 വർഷക്കാലത്തെ എൽഡിഎഫ് ഭരണത്തിൽ ഒരിക്കൽപോലും ജനങ്ങൾക്ക് പവർകട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല.
ALSO READ: മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്: പി രാജീവ്
2020ൽ 25 ശതമാനം, 2021ൽ 33%, 2024ൽ 23% എന്നിങ്ങനെ മഴ ലഭ്യതയിൽ കുറവുണ്ടായിട്ടുണ്ട്. 2026 ഏപ്രിലിൽ വൈദ്യുതി ആവശ്യത്തിൽ റെക്കോർഡ് വർദ്ധനയുണ്ടായി. പക്ഷേ അപ്പോഴൊന്നും പവർകട്ടിലേക്ക് പോയിട്ടില്ലെന്ന് കെഎസ്ഇബി മുൻ എക്സിക്യൂട്ടീവ് എൻജിനീയർ ഡോ. സുരേഷ് കുമാർ പറഞ്ഞു.
പ്രശ്നം എത്രനാൾ തുടരുമെന്നോ എങ്ങനെ പരിഹരിക്കും എന്നോ ഇപ്പോഴും വൈദ്യുതി മന്ത്രിക്ക് പറയാൻ കഴിയുന്നില്ല. രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള ഇടപെടലിന്റെ അഭാവമാണ് പ്രതിസന്ധിക്ക് കാരണമെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ബൈലാറ്ററൽ കരാർ വഴി വൈദ്യുതി വാങ്ങിയാണ് നേരത്തെ പ്രതിസന്ധിഘട്ടങ്ങളെ മറികടന്നത്. അതിനുള്ള ശ്രമങ്ങൾ കെഎസ്ഇബി ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ. അതേസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

