യുഡിഎഫ് ബജറ്റ്: പ്രവാസികളോടുള്ള അവ​ഗണന നീതിക്ക് നിരക്കാത്തത്; കേരള പ്രവാസി സംഘം പ്രതിഷേധത്തിലേക്ക്

kerala pravasi sangam

യുഡിഎഫ് ​ഗവൺമെൻ്റിൻ്റെ ബജറ്റിൽ പ്രവാസികളെ അവ​ഗണിച്ചതിനെതിരെ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാൻ കേരള പ്രവാസി സംഘം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമായ പ്രവാസി സമൂഹത്തെ പൂർണ്ണമായി അവഗണിക്കുകയും തഴയുകയും ചെയ്തുകൊണ്ട് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ കേരള പ്രവാസി സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. കേരളത്തെ ഇന്നത്തെ നിലയിൽ താങ്ങിനിർത്തുന്ന ഒരു ജനതയെ വെറുമൊരു “പണമയക്കുന്ന യന്ത്രം” മാത്രമായി കാണുന്ന ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനവ്യാപകമായി ഏരിയ, ജില്ലാ കേന്ദ്രങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിന്റെ വികസനത്തിൽ തുല്യ പങ്കാളിത്തമുള്ള പൗരന്മാരാണെന്ന തിരിച്ചറിവ് ഈ ബജറ്റിൽ എവിടെയും നിഴലിക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ മറ്റ് പ്രധാന വരുമാന മേഖലകളും അവയ്ക്ക് സർക്കാർ നൽകുന്ന വിഹിതവും പരിഗണനയും പ്രവാസികളുടെ കാര്യത്തിൽ ഇല്ലാതെ പോകുന്നുവെന്നും പ്രസ്തവനലയിൽ പറയുന്നു. പ്രതിവർഷം ₹2.16 ലക്ഷം കോടി രൂപ നേരിട്ടും, ബാങ്കുകളിൽ ₹2.86 ലക്ഷം കോടി രൂപയുടെ നിക്ഷേപമായും നൽകി കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 19.5% സംഭാവന ചെയ്യുന്ന ഏകവിഭാഗം പ്രവാസികളാണ്. കേരളത്തിലെ വാങ്ങൽ കഴിവിനെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് പ്രവാസിക്കുണ്ട്. ഈ ഇനത്തിൽ സംസ്ഥാനത്തിന് ലഭിക്കുന്ന വലിയ തോതിലുള്ള ജിഎസ്ടി വരുമാനം കൂടി കണക്കിലെടുത്താൽ, ഏറ്റവും വലിയ വരുമാന സ്രോതസ്സായ പ്രവാസി മേഖലയ്ക്ക് വേണ്ടി ഈ ബജറ്റിൽ ഒന്നുമില്ല എന്നത് ലജ്ജാകരമാണെന്നും പ്രവസി സംഘം പറഞ്ഞു. മുൻ സർക്കാരുകൾ പ്രവാസികളുടെ ക്ഷേമത്തിന് ഏതാണ്ട് 200 കോടി രൂപയോളം മാറ്റി വെച്ചിരുന്ന സ്ഥാനത്താണ് ഇന്ന് ഈ ഇരുട്ടടി.

Also read:  കേരള ബജറ്റ് 2026; പ്ലാനിൽ കൃത്യമായ വെട്ടിക്കുറവ് വന്നിട്ടുണ്ടെന്ന് കെ എൻ ബാലഗോപാൽ

പ്രവാസി ക്ഷേമനിധി ബോർഡ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കോടികണിന് രൂപയുടെ സഹായമാണ് പ്രവാസി ക്ഷേമനിധി ബോർഡിന് സർക്കാർ നൽകിയിരുന്നത്. അതുകൊണ്ടാണ് പ്രവാസി പെൻഷനും മറ്റ് ആനൂകൂല്യങ്ങളും മുടക്കമില്ലാതെ നൽകാൻ ബോർഡിന് കഴിഞ്ഞിരുന്നത്. 2026 ഏപ്രിൽ മാസം വരെ പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യാൻ എൽഡിഎഫ് സർക്കാരിനും ബോർഡിനും സാധിച്ചു. എന്നാൽ യുഡിഎഫ് ഗവൺമെൻ്റ് അധികാരത്തിൽ വന്ന ആദ്യ മാസം തന്നെ പെൻഷൻ മുടങ്ങുന്ന സ്ഥിതിയാണുണ്ടായത്. ഈ ബജറ്റ് വന്നാൽ പ്രവാസി ക്ഷേമനിധി ബോർഡിനെ സഹായിക്കുമെന്നും പെൻഷൻ കുടിശ്ശികയാകാതെ വിതരണം ചെയ്യുമെന്നാണ് നാം കരുതിയത്. എന്നാൽ പ്രവാസി ക്ഷേമത്തെ വെറും വാചകക്കസർത്തുകളിൽ മാത്രം ഒതുക്കി സർക്കാർ കൈമലർത്തുകയാണ്. പ്രവാസികൾക്ക് ക്ഷേമനിധിയും പെൻഷനും നൽകുന്നത് സർക്കാരിന്റെ ഔദാര്യമല്ല, 2.16 ലക്ഷം കോടി രൂപ നാട്ടിലെത്തിക്കുന്ന പ്രവാസിയുടെ അവകാശമാണ്. പ്രവാസികൾക്ക് ഇൻവെസ്റ്റ്‌മെന്റിനും സംരംഭങ്ങൾ ആരംഭിക്കുവാനും നിലവിൽ നിരവധി പദ്ധതികൾ നാട്ടിലുണ്ട്. അതിനെക്കുറിച്ചൊന്നും മിണ്ടാതെ, പുതിയ സംരംഭക പദ്ധതി എന്ന് പറഞ്ഞ് ബജറ്റിൽ വാചാലമാകുന്നത് പ്രവാസികളെ പറ്റിക്കാനാണെന്നും കേരള പ്രവാസി സംഘം പ്രസ്തവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News